തോക്ക് ആക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കയില്‍ ഏഴിടങ്ങളില്‍ കൂട്ട വെടിവയ്പ്പുകള്‍: അഞ്ചു പേര്‍ കൊല്ലപ്പെട്ടു; 27 പേര്‍ക്ക് പരിക്കേറ്റു

തോക്ക് ആക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കയില്‍ ഏഴിടങ്ങളില്‍ കൂട്ട വെടിവയ്പ്പുകള്‍: അഞ്ചു പേര്‍ കൊല്ലപ്പെട്ടു; 27 പേര്‍ക്ക് പരിക്കേറ്റു

വാഷിങ്ടണ്‍: തോക്ക് അതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ അമേരിക്കയില്‍ ഏഴിടങ്ങളിലായി കൂട്ട വെടിവയ്പ്പുകള്‍ നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യാന, ന്യൂ ഓര്‍ലിയന്‍സ്, നാഷ്വില്ല, ചിക്കാഗോ, ലൂയിസ്വില്ലെ, ജോര്‍ജിയ എന്നീ നഗരങ്ങളിലാണ് വെടിവയ്പ്പുകള്‍ ഉണ്ടായത്.

വാരാന്ത്യങ്ങളില്‍ പതിവായി ഉണ്ടാകാറുള്ള തോക്ക് ആക്രമണങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് പൊലീസ് ഇതിനെ കാണുന്നത്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന തോക്ക് ആക്രമണങ്ങളില്‍ ഭീതിയിലും ആശങ്കയിലുമാണ് അമേരിക്കയിലെ ജനങ്ങള്‍.

ഇന്ത്യാനയിലെ ഗാരിയിലുള്ള നിശാക്ലബ്ബില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു പുരുഷനും സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് ഗാരി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.



ശനിയാഴ്ച രാത്രി സബര്‍ബന്‍ നാഷ്വില്ലെയിലെ ഒരു ജന്മദിന പാര്‍ട്ടിക്കിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി 10 ന് ശേഷമാണ് വെടിവെപ്പ് നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ന്യൂ ഓര്‍ലിയന്‍സ് തെരുവില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മിഡ് സിറ്റി സെക്ഷനിലെ ഒരു കവലയിലാണ് വെടിവയ്പ്പ് ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതായി ന്യൂ ഓര്‍ലിയന്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. ചിക്കാഗോയില്‍ തെരുവില്‍ നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ആളുകള്‍ ഒത്തുകൂടിയ ഗ്രെഷാം പരിസരത്ത് ഉച്ചകഴിഞ്ഞ് 3.20 ന് ഒരു ഇടവഴിയിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഒന്നിലേറെ നടന്ന വെടിവയ്പ്പില്‍ ആരെയും അറസ്റ്റ് ചെയ്തില്ല.



ലൂയിസ്വില്ലെ പാലത്തിന് സമീപം നടന്ന വെടിവയ്പ്പില്‍ അഞ്ച് കൗമാരക്കാര്‍ വെടിയേറ്റു. രാത്രി ഒന്‍പതിന് ശേഷമാണ് വെടിവെപ്പ് നടന്നത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡെട്രോയിറ്റിലെ ഒരു വാടക വീട്ടില്‍ ബാച്ചിലര്‍ പാര്‍ട്ടിക്കിടെ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12.25ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജോര്‍ജിയയിലെ റസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 48 കാരനാണ് മരിച്ചത്. ഡെകാല്‍ബ് കൗണ്ടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.