പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തും; ആദ്യത്തേത് യുഎഇയില്‍: മന്ത്രി കെ.രാജന്‍

പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തും; ആദ്യത്തേത് യുഎഇയില്‍: മന്ത്രി കെ.രാജന്‍

ദുബായ്: പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തുമെന്നും അതിലെ ആദ്യത്തേത് യുഎഇയിലാണ് നിശ്ചയിച്ചിരിക്കുന്നതെന്നും റവന്യൂ മന്ത്രി കെ.രാജന്‍. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും റവന്യൂ അദാലത്തുകള്‍ നടത്തുമെന്നും യുഎഇയുമായി കേരളത്തിനുള്ള ആത്മബന്ധവും ഏറ്റവുമധികം മലയാളികളുള്ളതും കണക്കിലെടുത്താണ് ഇവിടെ ആദ്യ വേദി തെരഞ്ഞെടുത്തതെന്നും ആറു മാസത്തിനകം ആദ്യ അദാലത്ത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ദുബായില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് ഇനി ഭൂമിയുടെ നികുതി ഗള്‍ഫിലിരുന്നു അടയ്ക്കാമെന്നും
ഭൂമിയുമായി ബന്ധപ്പെട്ട പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ ഒരു പ്രവാസി സെല്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഈ മാസം 17, 18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
യുണീക് തണ്ടപ്പേര്‍ സിസ്റ്റം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

പല സ്ഥലങ്ങളുള്ളവര്‍ക്ക് ഒറ്റ നമ്പറിലേക്ക് തങ്ങളുടെ ഭൂമി ഉടമസ്ഥത മാറ്റാനാകുന്ന സംവിധാനമാണിത്. ഗതാഗത മന്ത്രി ആന്റണി രാജുവിന് യുണീക് തണ്ടപ്പേര്‍ നല്‍കിയാണ് ഇതിന് തുടക്കം കുറിച്ചത്. 'എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന മുദ്രാവാക്യവുമായി റവന്യൂ വകുപ്പില്‍ വിപ്‌ളവാത്മക പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1905ലാണ് കേരളത്തില്‍ അവസാന സെറ്റില്‍മെന്റ് ഉണ്ടായിരുന്നത്. കേരള സംസ്ഥാനം ഔദ്യോഗികമായി നിലവില്‍ വന്ന ശേഷം ആദ്യത്തെ ഒരു സെറ്റില്‍മെന്റ് ആക്ടിലേക്ക് താമസിയാതെ പോവുകയാണ്. 807 കോടി 30 ലക്ഷം ചെലവഴിച്ച് കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.റെയില്‍ വിവാദം സംബന്ധിച്ച് പ്രതികരിക്കേവേ, കല്ലിടല്‍ തുടരുമെന്നും എന്നാല്‍, ആളുകളുടെ നെഞ്ചത്ത് ചവിട്ടിയായിരിക്കില്ല അത് പൂര്‍ത്തീകരിക്കുന്നതെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്തും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയുമായിരിക്കും അത് നിര്‍വഹിക്കുകയെന്നും ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് പരിഹാരമുണ്ടാക്കിക്കൊടുക്കുമെന്നും ലാന്റ് അക്വിസിഷന്‍ റീഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് (എല്‍എആര്‍ആര്‍) എന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം വിശദീകരിച്ചു. 

വിജയസാധ്യത തീരെ ഇല്ലാത്ത മണ്ഡലമായതിനാലാണ് തൃക്കാക്കര തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റതെന്ന് പറഞ്ഞ മന്ത്രി, പി.ടിയുടെ മരണത്തിലെ സഹതാപവും എഎപി വോട്ട് ചോര്‍ച്ചയും 20ട്വന്റിയുടെ വോട്ടുകള്‍ ലഭിക്കാതായതും അതിന് കാരണമായെന്നും പറഞ്ഞു. 

കേരളം ഇതാദ്യമായി നാഷണല്‍ ഹൗസ് പാര്‍ക്ക് നിര്‍മിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ അദ്ദഹം, 6 ഏക്കര്‍ ഭൂമിയില്‍ വ്യത്യസ്തമായ 40 വീടുകള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിക്കുമെന്നും പറഞ്ഞു. ലക്ഷം വീട് പദ്ധതിയുടെ വികസനമെന്ന നിലയില്‍ 'എം.എന്‍ സുവര്‍ണ ഭവനം' എന്ന പേരില്‍ 5,000 വീടുകള്‍ നിര്‍മിക്കും.

മന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയില്‍ കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു. ജസിത സഞ്ജിത്, ശ്രീരാജ് കൈമള്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് ഉപഹാരം നല്‍കി. ടി.ജമാലുദ്ദീന്‍ സ്വാഗതവും അരുണ്‍ രാഘവന്‍ നന്ദിയും പറഞ്ഞു. യുവ കലാ സാഹിതി പ്രതിനിധികളായ പി.ബിജു, പ്രശാന്ത് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.