കെ റെയിൽ: കേന്ദ്രം അനുവദിച്ചാൽ മാത്രം മുന്നോട്ട്; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

കെ റെയിൽ: കേന്ദ്രം അനുവദിച്ചാൽ മാത്രം മുന്നോട്ട്; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രമെ കഴിയുകയുളളുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ ശങ്കിച്ചുനില്‍ക്കുകയാണ്. അവരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് വന്നാലേ സർക്കാരിന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുകയുളളുവെന്ന് പിണറായി പറഞ്ഞു. തിരുവനനന്തപുരത്ത് നവകേരള വികസന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിക്കെതിരെ വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കി ബിജെപിയും അതിന്റെ പിന്നാലെ കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ഒന്നുശങ്കിച്ചുനില്‍ക്കുകയാണെന്ന് പിണറായി പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വീണ്ടും വന്നപ്പോള്‍ ഇനി വരാതിരിക്കാന്‍ എന്താല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുകയാണ്. അതിന് ഏറ്റവും പ്രധാനമായി കാണുന്നത് വികസനപ്രവര്‍ത്തനത്തിന് തടസം നില്‍ക്കുക എന്നതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

'കൃത്യമായ രാഷ്ട്രീയമായ സമരമാണ് നടക്കുന്നത്. അപ്പോള്‍ നിശബ്ദരായിരിക്കരുത്. രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടണം. നാടിന്റെ വികസനം കണക്കിലെടുത്ത് സ്വകാര്യമൂലധനശക്തികള്‍ വരട്ടെയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. നാടിന്റെ താത്പര്യം അപകടപ്പെടുത്തുന്ന ഒരു നടപടിയ്ക്കും സര്‍ക്കാര്‍ തയ്യാറാവില്ല.

വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമെ ജനപിന്തുണ നേടാന്‍ ആവുകയുള്ളു. ഇതിന് അതീവപ്രധാന്യം നല്‍കണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനെ നല്ലരീതിയില്‍ പ്രതിരോധിക്കാന്‍ കഴിയണം. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് നിലകൊണ്ടിട്ടുള്ളത്.

ജനജീവിതം ഓരോഘട്ടത്തിലും നവീകരിക്കുന്നതിന് ഊന്നല്‍ നല്‍കണം. അതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയണം. 2021ല്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയ്ക്ക് ജനം അംഗീകാരം നല്‍കി തുടര്‍ഭരണം നല്‍കി. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യം നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും' മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.