രാഹുല്‍ ഗാന്ധിയെ ബുധനാഴ്ച്ച അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹം; കസ്റ്റഡിയിലെടുത്ത് സല്‍പ്പേര് നശിപ്പിക്കാന്‍ ശ്രമമെന്ന് ഭൂപേഷ് ബാഗല്‍

രാഹുല്‍ ഗാന്ധിയെ ബുധനാഴ്ച്ച അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹം; കസ്റ്റഡിയിലെടുത്ത് സല്‍പ്പേര് നശിപ്പിക്കാന്‍ ശ്രമമെന്ന് ഭൂപേഷ് ബാഗല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ബുധനാഴ്ച്ച അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹത്തിന് ശക്തി പ്രാപിക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് രാഹുലിനെ പത്തു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.

ബുധനാഴ്ച്ച ചോദ്യം ചെയ്ത ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ പരോക്ഷമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല്‍ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

രാഹുലിനെ അറസ്റ്റ് ചെയ്ത് കോണ്‍ഗ്രസിന്റെ ശബ്ദം മൂടിക്കെട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു ബാഗലിന്റെ പ്രതികരണം. രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളും രഹസ്യമായെങ്കിലും പങ്കുവയ്ക്കുന്നുണ്ട്.

നാഷനല്‍ ഹെറള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ചുമത്തിയ കള്ളപ്പണക്കേസിലാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നത്. രണ്ടാം ദിവസമായ ചൊവ്വാഴ്ച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിനായി എത്തിയത്. സഹോദരി പ്രിയങ്കയും രാഹുലിനെ അനുഗമിച്ചു.

തിങ്കളാഴ്ചയും 10 മണിക്കൂറിലേറെ സമയം ഇഡി ഉദ്യോഗസ്ഥര്‍ രാഹുലിനെ ചോദ്യം ചെയ്തിരുന്നു. രണ്ടാം ദിനം തുടര്‍ച്ചയായി നാലു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വൈകിട്ട് 3.30ന് രാഹുല്‍ വീട്ടിലേക്കു മടങ്ങിയിരുന്നു. ഒരു മണിക്കൂറിനുശേഷം 4.30ന് അദ്ദേഹം ചോദ്യം ചെയ്യലിനായി തിരിച്ചെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.