നായ്പിഡാവ്: മ്യാന്‍മറില്‍ സൈന്യം കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കി കൊള്ളയടിച്ചു. കിഴക്കന്‍ മ്യാന്‍മറില്‍ കരേന്നി സ്റ്റേറ്റിലെ ഫ്രൂസോ ടൗണ്‍ഷിപ്പിലുള്ള സെന്റ് മാത്യു കത്തോലിക്ക പള്ളിയാണ് അഗ്‌നിക്കിരയാക്കിയത്. സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന പ്രാദേശിക വിമത ഗ്രൂപ്പായ കരേന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്സാണ് (കെ.എന്‍.ഡി.എഫ്) പള്ളി ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. പള്ളി അഗ്നിക്കിരയായതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ പങ്കുവച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണു സംഭവമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ കത്തോലിക്കാ പള്ളി സൈന്യം കത്തിക്കുകയായിരുന്നു. ഇതോടൊപ്പം പള്ളി സ്ഥിതി ചെയ്യുന്ന ഡോവ്നായിഖു ഗ്രാമത്തിലെ നാലിലധികം വീടുകളും സൈന്യം കത്തിച്ചു. മേഖലയില്‍ സൈന്യവും കെ.എന്‍.ഡി.എഫ് വിമതരും തമ്മില്‍ ഈ മാസം ആദ്യം മുതല്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.
സൈനികര്‍ പള്ളി കെട്ടിടത്തിനു സമീപം വരുന്നതും ജനാലകളില്‍ നിന്ന് പുകയും തീജ്വാലകളും പുറത്തേക്കു വരുന്നതും വീഡിയോയില്‍ കാണാം. വെടിയൊച്ചകളും കേള്‍ക്കാം. കെട്ടിടത്തിനുള്ളിലെ വിവിധ ഭാഗങ്ങളില്‍ തീ ആളിപ്പടരുന്നതും പരിശുദ്ധ മാതാവിന്റെ തകര്‍ന്ന രൂപവുമൊക്കെ ദൃശ്യങ്ങളില്‍ കാണാം.
പാവപ്പെട്ട ഗ്രാമവാസികളോ പള്ളി അധികാരികളോ പ്രാദേശിക പോരാട്ടങ്ങളിലൊന്നും ഉള്‍പ്പെടാത്തരവാണ്. ദേവാലയത്തിനുള്ളില്‍, പാവപ്പെട്ടവര്‍ക്കായി ശേഖരിച്ച ഭക്ഷണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൊള്ളയടിച്ച ശേഷമാണ് സൈന്യം പള്ളി കത്തിച്ചത്.
കിഴക്കന്‍ മ്യാന്‍മറിലെ ലോക്കാവ് രൂപതയിലെ 38 ഇടവകകളില്‍ ഒന്നാണ് സെന്റ് മാത്യു. ഈ മേഖലയിലെ രൂക്ഷമായ പോരാട്ടം കാരണം രൂപതയുടെ കീഴിലുള്ള പതിനാറോളം ഇടവകകളിലെ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും സ്ഥലം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. രൂപതയിലെ ഒമ്പത് പള്ളികളെങ്കിലും സൈനിക ആക്രമണത്തിരയായിട്ടുണ്ട്.
ചൈനയുടെ സൈനിക - സാമ്പത്തിക പിന്തുണ മ്യാന്മറിന്റെ സൈനീക ഭരണകൂടത്തിനുണ്ട്. ഇക്കാരണത്താല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ മ്യാന്മറിന്റെ ആഭ്യന്തര പ്രശ്‌നത്തിലിടപെടാന്‍ മടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സൈന്യം ജനാധിപത്യ സര്‍ക്കാരില്‍നിന്ന് അധികാരം പിടിച്ചെടുത്തത്. അതിനു ശേഷമുണ്ടായ സൈന്യത്തിന്റെ മനുഷ്യത്വ രഹിതവും ക്രൂരവുമായ ആക്രമണങ്ങള്‍ ജനങ്ങളെ കൊടിയ ദുരിതത്തിലെത്തിച്ചിരിക്കുകയാണ്.
കരേന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് രാജ്യത്തെ പ്രതിരോധ സേനകളില്‍ ഒന്നാണ്. ജനാധിപത്യത്തിനായുള്ള മുറവിളികളെ ഏതു വിധേനയും അടിച്ചമര്‍ത്താനാണ് സൈനിക ഭരണകൂടത്തിന്റെ ശ്രമം. ജനകീയ പ്രക്ഷോഭങ്ങള്‍ക്കെതിരെ സൈന്യം ഭീകരത തുടരുമ്പോള്‍, സായുധമായി സംഘടിക്കാനും ഒളിപ്പോര്‍ ആക്രമണങ്ങള്‍ക്കും നിര്‍ബന്ധിതരായിരിക്കുകയാണ് ജനങ്ങള്‍. വീടുകളും പള്ളികളുമൊക്കെ ആക്രമിച്ചാണ് സൈന്യം പ്രതികാരം തീര്‍ക്കുന്നത്.
ദേവാലത്തിനകത്ത് തീ ആളിപ്പടരുന്നു
സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം, ജനങ്ങള്‍ നടത്തിയ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനിടെ 1,900-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായും 10 ലക്ഷം പേര്‍ പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാഷെലെറ്റ് ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പറഞ്ഞു.
ആയിരക്കണക്കിന് ആളുകളെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. 14 ദശലക്ഷത്തോം ആളുകള്‍ക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. മ്യാന്‍മറിലെ ജനങ്ങള്‍ ദാരിദ്ര്യത്തിന്റെയും കുടിയിറക്കപ്പെടലിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ചൂഷങ്ങളുടെയും മധ്യത്തിലാണെന്നും മിഷേല്‍ ബാച്ചലെറ്റ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.