കണ്ണൂര്‍: പാര്‍ട്ടി ഫണ്ട് തട്ടിപ്പില്‍ സിപിഎമ്മില്‍ കൂട്ട നടപടി. ടി.ഐ മധുസൂദനന്‍ എംഎല്‍എയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തി. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനേയും മാറ്റി എന്നതാണ് ശ്രദ്ധേയം. പകരം സംസ്ഥാന സമിതി അംഗം ടി.വി രാജേഷിന് ഏരിയാ കമ്മിറ്റിയുടെ ചുമതല നല്‍കി.
പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനായി സിപിഎം നടത്തിയ ചിട്ടിയില്‍ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂര്‍ണമായും ചിട്ടി കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ച രണ്ട് രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമിറി പുറത്തായത്.
രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളേയും തരംതാഴ്ത്തി. മൂന്ന് അംഗങ്ങള്‍ക്ക് പരസ്യശാസനയാണ് നടപടി. സ്ഥാനാര്‍ഥി എന്ന നിലിയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനന്‍ എംഎല്‍എക്കെതിരെ നടപടി എടുത്തത്.
തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും പാര്‍ട്ടി ഓഫീസ് നിര്‍മാണഫണ്ട് ശേഖരണത്തിനായി നടത്തിയ കുറിയിലും നടന്ന തട്ടിപ്പിനും പുറമേ രക്തസാക്ഷി ഫണ്ട് വക മാറ്റിയെടുക്കാനുള്ള ശ്രമം നടന്നതായും ഉള്ള ആരോപണങ്ങള്‍ പയ്യന്നൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഒരു കോടിയോളം രൂപയുടെ കാര്യത്തിലാണ് ആരോപണം. വീടു നിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കു നല്‍കിയ ഫണ്ടിന്റെയും ബാക്കി രണ്ടു നേതാക്കളുടെ പേരില്‍ സ്ഥിര നിക്ഷേപമായി മാറ്റിയെന്നാണ് പരാതി.
കൂടാതെ നാലു വര്‍ഷം മുമ്പ് ആ നിക്ഷേപത്തിന്റെ പലിശയില്‍ വലിയൊരു ഭാഗം രണ്ടു നേതാക്കളില്‍ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയിരുന്നു. ഇതേസമയം രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേര്‍ന്ന് 14 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അത് അടച്ചില്ലെന്നു മാത്രമല്ല പിരിച്ച തുകയുടെ വലിയ ഭാഗം പിന്‍വലിക്കുകയും ചെയ്തു.
കേസ് നടത്തിപ്പിനാണ് തുക പിന്‍വലിച്ചതെന്ന വാദം ഇപ്പോള്‍ നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും വലുതും സൗകര്യമുള്ളതുമായ ഏരിയാകമ്മിറ്റി ഓഫീസാണ് പയ്യന്നൂരിലേത്. ഇതിന്റെ നിര്‍മാണത്തിനായി കുറി സംവിധാനത്തിലാണ് പണം പിരിച്ചത്. ആയിരം പേരില്‍ നിന്ന് 15,000 രൂപ വീതമായിരുന്നു പിരിവ്. അതില്‍ ഒരു കുറിയിലാണ് കൃത്രിമം നടത്തിയത്.
പാര്‍ട്ടി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി വ്യാജ രസീത് ബുക്ക് അടിച്ചു നല്‍കിയതും പിടിക്കപ്പെട്ടു. നിലവില്‍ ഏരിയാ സെക്രട്ടറി ആയിരുന്ന വി. കുഞ്ഞികൃഷ്ണനും നേരത്തേ നടപടിക്കു വിധേയനായ മുന്‍ ഏരിയാസെക്രട്ടറി കെ.പി മധുവും തമ്മിലുള്ള ശീതസമരമാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.