അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി യാത്രക്കാര്‍; കൊച്ചി മെട്രോയില്‍ ഇന്നലെ കയറിയത് ഒരു ലക്ഷത്തിലേറെ പേര്‍

അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി യാത്രക്കാര്‍; കൊച്ചി മെട്രോയില്‍ ഇന്നലെ കയറിയത് ഒരു ലക്ഷത്തിലേറെ പേര്‍

കൊച്ചി: പിറന്നാള്‍ ദിനമായ ഇന്നലെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് 10,1131 പേര്‍. ഇന്നലെ ടിക്കറ്റ് നിരക്ക് 5 രൂപ മാത്രാമായിരുന്നു. കോവിഡിന് ശേഷം ആദ്യമായാണു മെട്രോയില്‍ ഇത്രയധികം ആളു കയറുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ രണ്ടു വട്ടം മെട്രോ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുണ്ട്.

2018 ജൂണ്‍ 19നാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. അന്ന് 1.56 ലക്ഷം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്. 2019 ഡിസംബര്‍ 31ന് 1.25 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഈ രണ്ടു ദിവസവും യാത്ര സൗജന്യമായിരുന്നു. ഇന്നലെ ടിക്കറ്റ് നിരക്കു കുറച്ചെങ്കിലും കൂടുതല്‍ ട്രെയിനുകളൊന്നും ഓടിച്ചില്ല. പേട്ട മുതല്‍ പത്തടിപ്പാലം വരെ ഏഴ് മിനിറ്റ് ഇടവേളയിലും പത്തടിപ്പാലം മുതല്‍ ആലുവ വരെ 20 മിനിറ്റ് ഇടവേളയിലും ട്രെയിന്‍ ഓടിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമാണു കെഎംആര്‍എല്‍ ജന്മദിനം ആഘോഷിച്ചത്. മെട്രോ യാത്രയ്ക്ക് ഇവര്‍ക്കായി പ്രത്യേക ട്രെയിന്‍ ഓടിച്ചു. ഓടുന്ന ട്രെയിനിലിരുന്നു പാടിയും നൃത്തം ചെയ്തും മുട്ടം മുതല്‍ തൈക്കൂടം വരെയും തിരിച്ചും അവര്‍ യാത്ര ചെയ്തു.

ഭിന്നശേഷിക്കാരായ 250 കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരുമാണു മെട്രോ ജന്മദിന സ്പെഷല്‍ യാത്രയില്‍ പങ്കെടുത്തത്. സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റ് നേതൃത്വം നല്‍കി. കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്റ, ഷൂട്ടിങ് താരം എലിസബത്ത് സൂസന്‍ കോശി, സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റ് സ്ഥാപക ഡയറക്ടര്‍ മേരി അനിത തുടങ്ങിയവര്‍ കുട്ടികള്‍ക്കൊപ്പം യാത്രയില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.