ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ യുവാക്കളുടെ പ്രതിഷേത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ പ്രക്ഷോഭം കാരണം പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതുപോലെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമും പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കാര്‍ഷിക നിയമം പിന്‍വലിച്ച ശേഷം രാജ്യത്തെ കര്‍ഷകരോട് മാപ്പ് പറഞ്ഞപോലെ ഇത്തവണ രാജ്യത്തെ യുവാക്കളോട് മോഡിക്ക് മാപ്പ് പറയേണ്ടി വരും. ജയ് ജവാന്‍, ജയ് കിസാന്‍ എന്ന വാക്യത്തിലെ മൂല്യങ്ങളെ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ അപമാനിച്ചു. കാര്‍ഷിക നിയമം പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് താന്‍ പറഞ്ഞിരുന്നതായും അതുപോലെ ഇതിലും സംഭവിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീം പ്രഖ്യാപിച്ചത്. 17.5 വയസിനും 23 വയസിനുമിടയിലുളള യുവാക്കള്‍ക്ക് ഈ സ്‌കീമിന് അപേക്ഷിക്കാം. നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ അംഗമാകുന്ന പദ്ധതിയാണിത്. അതിന് ശേഷം നിര്‍ബന്ധിത വിരമിക്കലാണുളളത്. എന്നാല്‍ 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തുടരാനാകും.
വിരമിക്കുന്നവര്‍ക്ക് ഗ്രാറ്റുവിറ്റിയോ പെന്‍ഷന്‍ ആനുകൂല്യമോ ലഭിക്കില്ല. എന്നാല്‍ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് വഴി തൊഴില്‍ നേടുന്നവരുടെ ഭാവി സുരക്ഷിതമാണെന്നാണ് കേന്ദ്രം നല്‍കുന്ന ഉറപ്പ്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര പൊലീസ് സേനകളില്‍ അഗ്‌നി വീരര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സംവരണം പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകളും അഗ്‌നിപഥ് വഴി തൊഴില്‍ നേടുന്ന അഗ്‌നി വീരര്‍ക്ക് പൊലീസ് നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.