കാല്‍പ്പന്തുകളിയുടെ വസന്തോത്സവത്തിന് വടക്കേ അമേരിക്ക വേദിയാകും; ചരിത്ര മാറ്റങ്ങളുമായി 2026 ഫിഫ ലോകകപ്പ് മത്സര വേദികള്‍ പ്രഖ്യാപിച്ചു

കാല്‍പ്പന്തുകളിയുടെ വസന്തോത്സവത്തിന് വടക്കേ അമേരിക്ക വേദിയാകും; ചരിത്ര മാറ്റങ്ങളുമായി 2026 ഫിഫ ലോകകപ്പ് മത്സര വേദികള്‍ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: ചരിത്രപരമായ ഒട്ടേറെ പ്രത്യേകതകളുമായി 2026 ഫിഫ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന്റെ മത്സര വേദികള്‍ പ്രഖ്യാപിച്ചു. അമേരിക്ക, മെക്‌സികോ, കാനഡ എന്നിവിടങ്ങളായാണ് മത്സരങ്ങള്‍. ആദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മാത്രമല്ല ടീമുകളുടെ എണ്ണം 32 ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്ന ആദ്യ വേള്‍ഡ് കപ്പും ഇതാകും.

ഫിഫ ഗവേണിംഗ് ബോഡി യോഗത്തിലാണ് തീരുമാനം. വടക്കേ അമേരിക്കക്കൊപ്പം ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയും ലിസ്റ്റിലുണ്ടായിരുന്നു. മൊറോക്കോയെ അവസാന നിമിഷം പിന്തള്ളിയാണ് നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ ഫിഫ വേള്‍ഡ് കപ്പിന് ആതിഥേയത്വമരുളാനുള്ള അവകാശം നേടിയെടുത്തത്. ത്രിരാഷ്ട്ര സഖ്യത്തിന് 134 വോട്ട് കിട്ടിയപ്പോള്‍ മൊറോക്കോയ്ക്ക് 65 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു.

വടക്കേ അമേരിക്കയിലെ 16 നഗരങ്ങളിലായാണ് മത്സര വേദികള്‍. ഇതില്‍ അമേരിക്കയില്‍ മാത്രം 11 വേദികള്‍ ഉണ്ടാകും. മെക്‌സികോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികള്‍ ഉണ്ട്. 60 മത്സരങ്ങള്‍ അമേരിക്കയിലും 10 വീതം മത്സരങ്ങള്‍ മെക്‌സിക്കോയിലും കാനഡയിലും നടക്കും. അമേരിക്കയിലെ ടെക്‌സാസില്‍ രണ്ട് സ്‌റ്റേഡിയങ്ങള്‍ ക്വാര്‍ട്ടര്‍ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകും. 1994ന് ശേഷം ഇതാദ്യമായാണ് വടക്കേ അമേരിക്ക ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.



മത്സര വേദികള്‍

അമേരിക്ക: ന്യൂയോര്‍ക്ക് (മെറ്റ്‌ലൈഫ് സ്റ്റേഡിയം), ലോസ് ഏഞ്ചല്‍സ് (സോഫി സ്റ്റേഡിയം), ഡാളസ് (എടി ആന്‍ഡ് ടി സ്റ്റേഡിയം), സാന്‍ ഫ്രാന്‍സിസ്‌കോ (ലെവി സ്റ്റേഡിയം), മിയാമി (ഹാര്‍ഡ് റോക്ക് സ്റ്റേഡിയം), അറ്റ്‌ലാന്റ (മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയം), സിയാറ്റില്‍ (ലുമന്‍ ഫീല്‍ഡ് സ്റ്റേഡിയം), ഹൂസ്റ്റണ്‍ (എന്‍ആര്‍ജ സ്റ്റേഡിയം), ഫിലാഡല്‍ഫിയ (ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്), കന്‍സാസ് സിറ്റി (ആരോഹെഡ് സ്റ്റേഡിയം), ബോസ്റ്റണ്‍ (ജില്ലറ്റ് സ്റ്റേഡിയം).

മെക്‌സികോ: മോണ്ടെറി (എസ്റ്റാഡിയോ ബിബിവിഎ ബാന്‍കോമര്‍ സ്‌റ്റേഡിയം), മെക്‌സിക്കോ സിറ്റി (എസ്റ്റാഡിയോ ആസ്‌ടെക്ക), ഗ്വാഡലജാര (എസ്റ്റാഡിയോ അക്രോണ്‍). കാനഡ: ടൊറന്റോ (ബിഎംഒ ഫീല്‍ഡ് സ്റ്റേഡിയം), വാന്‍കൂവര്‍ (ബിസി പ്ലേസ് സ്റ്റേഡിയം).

1994 ലോകകപ്പ് ഫൈനല്‍ ആതിഥേയത്വം വഹിച്ച അമേരിക്കയിലെ റോസ് ബൗള്‍ സ്റ്റേഡിയത്തെ ഇത്തവണ തിരഞ്ഞെടുത്തില്ല. പകരം ലോസ് ഏഞ്ചല്‍സിലെ പുതിയ സോഫി സ്റ്റേഡിയം തിരഞ്ഞെടുക്കപ്പെട്ടു.

1998 മുതല്‍ ഉപയോഗിച്ചിരുന്ന 32 ടീം സമ്പ്രദായത്തില്‍ നിന്ന് 48 രാജ്യങ്ങള്‍ 2026 ലെ ലോകകപ്പില്‍ പങ്കെടുക്കും. മൂന്ന് രാജ്യങ്ങളുടെ 16 ഗ്രൂപ്പുകളാണുള്ളത്. ആദ്യ റൗണ്ടില്‍ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ക്ക് പകരം രണ്ട് മത്സരങ്ങളാകും കളിക്കുക. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്ന രാജ്യത്തിന് മാത്രമേ അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കു.

നിലവില്‍ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് അടുത്ത റൗണ്ടില്‍ മത്സരിക്കാന്‍ യോഗ്യത കിട്ടിമായിരുന്നു. പുതിയ മറ്റം വരുന്നതോടെ ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെ വാശിയേറി മത്സരങ്ങളാകും ടൂര്‍ണമെന്റില്‍ ഉടനീളം കാണുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.