വയൊമിങ്: അമേരിക്കയില്‍ യെല്ലോസ്‌റ്റോണ്‍ നദിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ച യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് ബുധനാഴ്ച മുതല്‍ ഭാഗീകമായി തുറന്നു പ്രവര്‍ത്തിക്കുമെന്ന് പാര്‍ക്ക് സൂപ്രണ്ട് കാം ഷോളി പറഞ്ഞു. രാവിലെ എട്ടു തുടങ്ങി സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം. സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട അക്ക നമ്പറിലുള്ള വാഹന യാത്രക്കാര്‍ക്ക് ഇരട്ട അക്കമുള്ള ദിവസങ്ങളിലും ഒറ്റ അക്ക നമ്പറുള്ള വാഹനയാത്രികര്‍ക്ക് ഒറ്റ അക്ക ദിവസങ്ങളിലുമാണ് പ്രവേശം അനുവദിച്ചിരിക്കുന്നത്. ഹോട്ടലുകളിലെ ബുക്കിംഗ് സ്ലിപ്പുമായി വരുന്നവരെയും പ്രവേശിപ്പിക്കും. തെക്ക്, കിഴക്ക്, പടിഞ്ഞാറ് പ്രവേശന കവാടങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് പാര്‍ക്കിനുള്ളിലേക്ക് കടക്കാം. പ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വടക്ക് പ്രവേശന കവാടം ഉടന്‍ തുറക്കാനാകില്ലെന്നും കാം ഷോളി പറഞ്ഞു.
കഴിഞ്ഞ 11 നാണ് ശക്തമായ മഴയും അതേ തുടര്‍ന്നുണ്ടായ പ്രളയവും മൂലം പാര്‍ക്ക് താല്‍കാലികമായി അടച്ചത്. ഈ സമയം പതിനായിരത്തിലേറെ സന്ദര്‍ശകര്‍ പാര്‍ക്കിലുണ്ടായിരുന്നു. പുറത്തേക്ക് ഇറങ്ങാനാകാതെ ഇവര്‍ പാര്‍ക്കിനുള്ളില്‍ കുടുങ്ങി. എയര്‍ ലിഫിറ്റിംഗ് വഴി ഹെലിക്കോപ്്റ്ററിലാണ് ആളുകളെ പുറത്തെത്തിച്ചത്.
പാര്‍ക്കിനുള്ളിലെ വഴികളും പാലങ്ങളും പ്രളയത്തില്‍ തകര്‍ന്നു. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ പാര്‍ക്കിനുള്ളില്‍ വൈദ്യുതി നിശ്ചലമായി. യല്ലോസ്‌റ്റോണ്‍ നദിക്ക് കുറുകെയുള്ള താല്‍ക്കാലിക തടിപ്പാലങ്ങള്‍ തകര്‍ന്നു. പലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായി.
മഞ്ഞുരുകലും ദിവസങ്ങള്‍ നീണ്ട കനത്ത മഴയുമാണ് യെല്ലോസ്‌റ്റോണ്‍ നദിയില്‍ പ്രളയ സമാനമായ വെള്ളപ്പൊക്കത്തിന് കാരണമായത്. വെള്ളം കരകവിഞ്ഞ് ഒഴുകിയെത്തിയതോടെ യെല്ലോസ്റ്റോണ്‍ ദേശീയ ഉദ്യാനത്തിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.