മോഡി മന്‍ കി ബാത്തില്‍ നിര്‍ദേശം മുന്നോട്ടു വച്ചു : നടപ്പിലാക്കാനുറച്ച് കേരളം; ചാവക്കാട് പഞ്ചവടി കടപ്പുറത്ത് കരിമ്പനകള്‍ വച്ചുപിടിപ്പിക്കാന്‍ സംസ്ഥാനം

മോഡി മന്‍ കി ബാത്തില്‍ നിര്‍ദേശം മുന്നോട്ടു വച്ചു : നടപ്പിലാക്കാനുറച്ച് കേരളം; ചാവക്കാട് പഞ്ചവടി കടപ്പുറത്ത് കരിമ്പനകള്‍ വച്ചുപിടിപ്പിക്കാന്‍ സംസ്ഥാനം

തൃശൂര്‍: രാഷ്ട്രീയമായി വിരുദ്ധ ധ്രുവത്തിലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി പരാമര്‍ശിച്ച ഒരു പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേരള സര്‍ക്കാര്‍. തൃശൂര്‍ ചാവക്കാട് കടപ്പുറത്ത് കടല്‍ക്ഷോഭം തടയുന്നതിന് കരിമ്പന വച്ചു പിടിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. വനം വന്യജീവി വകുപ്പും സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ചേര്‍ന്നാണു പദ്ധതിക്ക് മുന്‍കൈ എടുത്തിരിക്കുന്നത്.

പഞ്ചവടി കടപ്പുറത്ത് 300 വിത്തുകള്‍ പാകി പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. പാലക്കാട്, കൊല്ലങ്കോട് നിന്നുമെത്തിച്ച വിത്തുകളാണ് കടലില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ മാറി മൂന്ന് മീറ്റര്‍ അകലത്തില്‍ നട്ടുപിടിപ്പിച്ചത്. ജൂലായില്‍ വനമഹോത്സവവുമായി ബന്ധപ്പെട്ട് ബ്ലാങ്ങാട്, കടപ്പുറം ഭാഗങ്ങളില്‍ കൂടുതല്‍ കരിമ്പന വിത്തുകള്‍ നടുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ കടല്‍ത്തീരങ്ങള്‍ കടലെടുത്തു പോകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് മറികടക്കാനാണ് കരിമ്പനകള്‍ വച്ചു പിടിപ്പിക്കുന്നത്. അടുത്തിടെ പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മന്‍ കി ബാത്തില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കടല്‍തീരത്ത് കരിമ്പനകള്‍ നട്ടുവളര്‍ത്തിയ പ്രവര്‍ത്തി പ്രതിപാദിച്ചിരുന്നു.

തൂത്തുക്കുടിയിലെ കടല്‍ത്തീരങ്ങള്‍ കടലെടുത്തു പോകുന്നത് തടയാനാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. വിജയകരമായ ഈ പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുവാന്‍ മുന്‍കൈയെടുത്തിരിക്കുന്നത്.

കരിമ്പനയുടെ നാരുവേര് പടലങ്ങള്‍ ഒരു ബെല്‍റ്റ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു പ്രത്യേകതയുള്ളതിനാല്‍ ഇവയ്ക്കു മണ്ണൊലിപ്പ് തടയാന്‍ കഴിയും. മാത്രമല്ല സസ്യത്തിന്റെ ചെറുപ്പത്തില്‍തന്നെ ഇവ മണ്ണില്‍ പ്രവര്‍ത്തിച്ച് തുടങ്ങുകയും ചെയ്യും. ഉപ്പിന്റെ അംശമുള്ള മണ്ണില്‍ ഇവ നന്നായി വളരുകയും ചെയ്യും.

പരീക്ഷണാടിസ്ഥാനത്തിലാണ് തീരദേശങ്ങളില്‍ പദ്ധതി തുടങ്ങിയതെന്ന് തൃശൂര്‍ റേഞ്ച് സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ എംകെ രഞ്ജിത് വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഫലപ്രദമായ പശ്ചാത്തലത്തില്‍ കേരളത്തിലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.