സിഡ്‌നി: ബഹിരാകാശത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന തമോഗര്‍ത്തം കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ (എഎന്‍യു) ശാസ്ത്രജ്ഞര്‍. ഓരോ സെക്കന്‍ഡിലും ഒരു ഭൂമിയെ വിഴുങ്ങാന്‍ പാകത്തില്‍ വളരുന്നതാണ് ഈ തമോഗര്‍ത്തമെന്ന് ഗവേഷകര്‍ പറയുന്നു.
തമോഗര്‍ത്തങ്ങള്‍ പ്രപഞ്ചത്തിലെ അത്ഭുതപ്പെടുത്തുന്നതും നിഗൂഢവുമായ പ്രതിഭാസമാണ്. സൂര്യനേക്കാള്‍ കോടിക്കണക്കിന് മടങ്ങ് വലുതാണിവ. ന്യൂ സൗത്ത് വെയില്‍സിലെ സൈഡിംഗ് സ്പ്രിംഗ് ഒബ്‌സര്‍വേറ്ററിയിലെ സ്‌കൈമാപ്പര്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് തമോഗര്‍ത്തത്തെ കണ്ടെത്തിയത്.
ചിത്രങ്ങളില്‍ കാണുന്ന കറുത്ത ഭാഗമാണ് യഥാര്‍ഥത്തില്‍ തമോഗര്‍ത്തം. തമോഗര്‍ത്തത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം മൂലം ആകര്‍ഷിക്കപ്പെടുന്ന ചൂടേറിയ വാതകങ്ങളാണ് ചുറ്റും കാണുന്ന വലയം. ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം തമോഗര്‍ത്തത്തിന്റെ ഉള്ളില്‍ അകപ്പെടുന്ന പ്രകാശം ഉള്‍പ്പെടെ ഒന്നിനും പുറത്തുകടക്കാനാകില്ല.
കഴിഞ്ഞ ഒന്‍പതു ബില്യണ്‍ വര്‍ഷത്തിനിടെ ഏറ്റവും തിളക്കമുള്ളതും അതിവേഗം വളരുന്നതുമായ തമോഗര്‍ത്തമാണിത്. ഭൂമിയില്‍നിന്ന് ഏഴു ബില്യണ്‍ പ്രകാശ വര്‍ഷം അകലെയാണ് ഈ തമോഗര്‍ത്തമുള്ളത്. സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്‌സിയില്‍ നിന്നുള്ള മുഴുവന്‍ പ്രകാശത്തേക്കാളും 7,000 മടങ്ങ് തെളിച്ചമുള്ള ഒരു ആകാശ വസ്തുവായി ശാസ്ത്രജ്ഞര്‍ ഈ തമോഗര്‍ത്തത്തെ വിലയിരുത്തുന്നു.
50 വര്‍ഷത്തിലേറെയായി ജ്യോതിശാസ്ത്രജ്ഞര്‍ ഇതുപോലുള്ള വസ്തുക്കളെക്കുറിച്ച് പഠനം നടത്തുകയാണ്. ആയിരക്കണക്കിന് മങ്ങിയ തമോഗര്‍ത്തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത്ഭുതപ്പെടുത്തുന്ന ശോഭയുള്ള ഈ തമോഗര്‍ത്തം ശ്രദ്ധിക്കപ്പെടാതെ പോയതായി എഎന്‍യുവിലെ ഗവേഷകനായ ഡോ ക്രിസ്റ്റഫര്‍ ഓങ്കന്‍ പറഞ്ഞു. ആസ്ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഓസ്ട്രേലിയയുടെ പ്രസിദ്ധീകരണങ്ങളിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.
ഒരു തമോഗര്‍ത്തം എത്ര വേഗത്തില്‍ വളരുന്നുണ്ടെന്ന് മനസിലാക്കുന്നത് അതിന്റെ പ്രകാശം അളക്കുന്നതിലൂടെയാണെന്ന് ക്രിസ്റ്റഫര്‍ ഓങ്കന്‍ പറയുന്നു. കൂടുതല്‍ വസ്തുക്കള്‍ തമോദ്വാരത്തിലേക്ക് വീഴുമ്പോള്‍ അതിനുള്ളില്‍ ഘര്‍ഷണം ഉണ്ടാകുന്നു. ചൂടേറിയ വാതകങ്ങളാണ് ചുറ്റും കാണുന്ന വലയം. ഈ തമോഗര്‍ത്തം ഓരോ വര്‍ഷവും 80 സൂര്യന്‍മാര്‍ക്ക് തുല്യമായ അളവില്‍ അല്ലെങ്കില്‍ ഓരോ സെക്കന്‍ഡിലും ഒരു ഭൂമിക്ക് തുല്യമായ അളവില്‍ വളരുന്നതായി ഗംവഷകര്‍ പറയുന്നു.
രണ്ട് വലിയ ഗാലക്‌സികള്‍ പരസ്പരം കൂട്ടിയിടിച്ചതിന്റെ ഫലമാണ് ഭീമാകാരമായ തമോഗര്‍ത്തമെന്നാണ് അനുമാനം. നക്ഷത്രങ്ങളുടെ മരണത്തിന് ശേഷം പിണ്ഡം ഉയര്‍ന്ന ഗുരുത്വാകര്‍ഷണ മണ്ഡലങ്ങളുള്ള ചെറിയ സ്ഥലത്തേക്ക് ഞെരുങ്ങാന്‍ ഇടയാകുന്നത് വഴിയാണ് തമോഗര്‍ത്തങ്ങള്‍ രൂപം കൊള്ളുന്നത്. മനുഷ്യന് പൂര്‍ണമായും പിടിതരാത്ത പ്രപഞ്ചത്തിന്റെ നിഗൂഢതകളിലൊന്നാണ് തമോഗര്‍ത്തം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.