ന്യൂഡല്‍ഹി: ഇന്ത്യയെ സുരക്ഷിതവും ശക്തവുമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്‍ഗണനയുടെ ഫലമാണ് അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോവല്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.
ഇന്ത്യയെ എങ്ങനെ ശക്തമാക്കാം എന്നതായിരുന്നു 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി മോഡിയുടെ മുന്‍ഗണനകളിലൊന്ന്. രാജ്യസുരക്ഷ എന്നത് സ്ഥായിയായ ഒന്നല്ല അത് ചലനാത്മകമായ ഒരു പ്രക്രിയയാണ്. അഗ്‌നിപഥിനെ ആ വീക്ഷണത്തില്‍ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വകാല കരാര്‍ പദ്ധതി ഒരു ഒറ്റപ്പെട്ട ആശയമല്ലെന്നും യുദ്ധത്തിന്റെ സ്വഭാവം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഡോവല്‍ പറഞ്ഞു. സമ്പര്‍ക്കമില്ലാത്ത യുദ്ധങ്ങളിലേക്കാണ് പോകുന്നത്, നാളേക്ക് വേണ്ടി തയ്യാറെടുക്കണമെങ്കില്‍ നമ്മള്‍ മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
അഗ്‌നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്‌നിവീരന്‍മാര്‍ ഒരിക്കലും മുഴുവന്‍ സൈന്യത്തെയും രൂപീകരിക്കില്ലെന്നും ഡോവല്‍ പറഞ്ഞു. പതിവായി മാറുന്ന അഗ്‌നിവീരന്മാര്‍ ഒടുവില്‍ തീവ്രമായ പരിശീലനത്തിന് വിധേയരാകുകയും ഒരു നിശ്ചിത കാലയളവില്‍ അനുഭവം നേടുകയും ചെയ്യും. അഗ്‌നിപഥിലൂടെ യുവാക്കള്‍ക്ക് രാജ്യത്തെ കാക്കാനുള്ള ആഗ്രഹവും പ്രചോദനവും പ്രതിബദ്ധതയും ഉണ്ടാവും. അഗ്‌നിപഥ് നടപ്പിലാക്കുന്നതോടെ സൈന്യത്തിലെ റെജിമെന്റുകള്‍ ഇല്ലാതാകും എന്ന പ്രചരണത്തെയും ഡോവല്‍ തള്ളിക്കളഞ്ഞു.
റെജിമെന്റല്‍ സംവിധാനം അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കോച്ചിംങ് സെന്ററുകളുടെ പങ്കാളിത്തം തിരിച്ചറിയുന്നതിനായി സമഗ്രമായ അന്വേഷണം നടത്തുമെന്നും സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.