വേനലവധി, വീടുകള്‍ സുരക്ഷിതമാക്കാന്‍ സേഫ് സമ്മർ ക്യാംപെയിന്‍

വേനലവധി, വീടുകള്‍ സുരക്ഷിതമാക്കാന്‍ സേഫ് സമ്മർ ക്യാംപെയിന്‍

അബുദബി: രാജ്യം വേനല്‍ അവധിയിലേക്ക് കടക്കുന്നതോടെ യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ് പലരും. വീടുകള്‍ അടച്ചിട്ട് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കരുതലാവുകയാണ് അബുദബി പോലീസ്. വീടുകളുടെ സുരക്ഷ ലക്ഷ്യമിട്ട് സേഫ് സമ്മർ ക്യാംപെയിന്‍ അബുദബി പോലീസ് ആരംഭിച്ചു. 

രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട പ്രതിരോധ സുരക്ഷാ നടപടികളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്നുളളതാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്.

വീടുകളില്‍ ആള്‍താമസമില്ലാത്തത് മനസിലാക്കി മോഷണം നടക്കാനുളള സാധ്യതകളും, അശ്രദ്ധമൂലമുണ്ടാകുന്ന തീപിടുത്ത സാധ്യതകളും ക്യാംപെയിനിലൂടെ താമസക്കാരിലേക്ക് എത്തിക്കുന്നു. വീടുകള്‍ സുരക്ഷിതമാക്കുന്നതിനുളള മാർഗങ്ങളെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നതിന് നിരവധി സർക്കാർ സ്ഥാപനങ്ങളുമായി ഏകോപനം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

വേനല്‍ക്കാലത്തുടനീളം ക്യാംപെയിന്‍ നടക്കും. പോലീസുമായി സഹകരിക്കണമെന്ന് താമസക്കാരോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. വീടുകള്‍ സംരക്ഷിക്കുന്നതിന് സുരക്ഷിതമായ പൂട്ടുകള്‍ ഉപയോഗിക്കണമെന്നും വിലപിടിപ്പുളള വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല‍്കിയിട്ടുണ്ട്. 

നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാന്‍ സാധിച്ചാല്‍ നല്ലത്. അലാം ഉള്‍പ്പടെയുളള നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിക്കണം. ഇലക്ട്രിക് ഉപകരണങ്ങളും ഗ്യാസ് അടക്കമുളളവയും ഓഫാക്കാന്‍ മറക്കരുതെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.