രാഷ്ട്രീയ നാടകം തുടരുന്നു: ഉദ്ധവിന്റെ വസതിയില്‍ വൈകുന്നേരം യോഗം; വരാത്ത എംഎല്‍എമാര്‍ പുറത്താകുമെന്ന് അന്ത്യശാസനം

രാഷ്ട്രീയ നാടകം തുടരുന്നു: ഉദ്ധവിന്റെ വസതിയില്‍ വൈകുന്നേരം യോഗം; വരാത്ത എംഎല്‍എമാര്‍ പുറത്താകുമെന്ന് അന്ത്യശാസനം

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിലെ പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ വീഴാതിരിക്കാന്‍ സകല തന്ത്രങ്ങളും പയറ്റുകയാണ് മഹാവികാസ് അഘാഡി നേതാക്കള്‍. വിമതരുടെ പിന്തുണയോടെ ഭരണം പിടിക്കാന്‍ ബിജെപിയും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വസതിയില്‍ വൈകുന്നേരം അഞ്ചിന് ശിവസേനയുടെ എല്ലാ എംഎല്‍എമാരുടെയും നിര്‍ണായക യോഗം പാര്‍ട്ടി വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കാത്തവരുടെ അംഗത്വം റദ്ദാക്കുമെന്ന് പാര്‍ട്ടി അന്ത്യശാസനം നല്‍കി. ഉദ്ധവ് താക്കറെ കോവിഡ് ബാധിതനായതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു മന്ത്രിസഭാ യോഗം. കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി ബാലസാഹെബ് തോറാട്ടിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്.

കേവല ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ സര്‍ക്കാരിനെ പിരിച്ചു വിടുമെന്നു റിപ്പോര്‍ട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തില്ലെന്നാണ് സൂചന. ശിവസേനാ മന്ത്രി ഏക്നാഥ് ഷിന്‍ഡെ നടത്തിയ വിമത നീക്കമാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പ്രതിസന്ധിയിലായത്. തനിക്കൊപ്പം 46 എംഎല്‍എമാരുണ്ടെന്നാണ് ഷിന്‍ഡേയുടെ അവകാശ വാദം.

നേരത്തേ ഗുജറാത്തിലെ സൂരത്തിലേക്ക് പോയ ഷിന്‍ഡെയും എംഎല്‍എമാരും പിന്നീട് പിന്നീട് അസമിലെ ഗുവാഹത്തിയിലേക്കു മാറി. ഇതിനിടെ സ്വതന്ത്രയായി ജയിച്ച ശേഷം 2020 ല്‍ ശിവസേനയിലെത്തിയ ഗീത ജയിന്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. സേനാ എംഎല്‍എമാരായ സഞ്ജയ് റാത്തോഡ്, യോഗേഷ് കദം എന്നിവരും വിമതര്‍ക്കൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം വിമത ക്യാംപില്‍നിന്ന് മൂന്ന് എംഎല്‍എമാര്‍ മടങ്ങിയെത്തി. ഇവരടക്കം എല്ലാ എംഎല്‍എമാരെയും ശിവസേന മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. കഴിഞ്ഞ ദിവസത്തെ നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരുവിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണു പുതിയ നീക്കം ഉണ്ടായത്.

കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജന്‍ഡയില്‍ ഉറച്ച് ബിജെപിയുമായി സഖ്യം പുനസ്ഥാപിക്കുകയും ചെയ്താല്‍ തിരിച്ചെത്താമെന്നാണ് ഷിന്‍ഡെയുടെ നിലപാട്. ഇതിനിടെ ഡല്‍ഹിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരുമായി ചര്‍ച്ച നടത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.