ഉദ്ധവ് താക്കറെ കൂടുതല്‍ ഒറ്റപ്പെടുന്നു; മൂന്ന് എംഎല്‍എമാര്‍ കൂടി ഏക്‌നാഥ് ഷിന്‍ഡെ ക്യാംപില്‍, കോണ്‍ഗ്രസിനും ആശങ്ക

ഉദ്ധവ് താക്കറെ കൂടുതല്‍ ഒറ്റപ്പെടുന്നു; മൂന്ന് എംഎല്‍എമാര്‍ കൂടി ഏക്‌നാഥ് ഷിന്‍ഡെ ക്യാംപില്‍, കോണ്‍ഗ്രസിനും ആശങ്ക

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേനയില്‍ ഉദ്ധവ് താക്കറെയുടെ പിടി അയയുന്നതായി വിവരം. ഇന്നലെ ഉദ്ധവിനൊപ്പം ഉണ്ടായിരുന്ന മൂന്ന് എംഎല്‍എമാര്‍ കൂടി വിമത പക്ഷത്തെത്തി. ഇവര്‍ ഗുവഹാത്തിയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ക്യാംപില്‍ ചേര്‍ന്നു.

മാഹിമില്‍ നിന്നുള്ള എംഎല്‍എ സദാ സര്‍വങ്കര്‍, കുല്‍ലയില്‍ നിന്നുള്ള എംഎല്‍എ മങ്കേഷ് കുദാല്‍ക്കര്‍ എന്നിവരാണ് വിമതപക്ഷത്തേക്ക് ചേക്കേറിയത്. തങ്ങള്‍ക്കൊപ്പം 34 എംഎല്‍എമാരുണ്ടെന്നും, ഏക്നാഥ് ഷിന്‍ഡെയാണ് ശിവസേന നിയമസഭാ കക്ഷിനേതാവെന്നും ചൂണ്ടിക്കാട്ടി വിമത എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്ക് അയച്ചു.

ഇപ്പോഴത്തെ അവസ്ഥയില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണം നടത്താനുള്ള ഭൂരിപക്ഷം ഏക്‌നാഥ് ഷിന്‍ഡെയ്ക്കുണ്ട്. എന്നാല്‍ കേവലം അധികാരത്തിന് അപ്പുറം ശിവസേനയെ പഴയ പോലെ ബിജെപിയുടെ സഖ്യകക്ഷിയാക്കുകയാണ് ഷിന്‍ഡെയുടെ ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനം പോലും വാഗ്ദാനം ചെയ്തിട്ടും ഷിന്‍ഡെ അനുകൂലമായി പ്രതികരിക്കാത്തതിന് കാരണവും ഇതുതന്നെയാണ്.

2019 ല്‍ ശിവസേന ലജിസ്ലേച്ചര്‍ പാര്‍ട്ടി ഏകകണ്ഠമായാണ് ഏക്നാഥ് ഷിന്‍ഡെയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഷിന്‍ഡെ ഇപ്പോഴും നേതാവായി തുടരുകയാണ്. പാര്‍ട്ടി ചീഫ് വിപ്പായി ഭരത് ഗോഗാവാലയെ തെരഞ്ഞെടുത്തതായും വിമത എംഎല്‍എമാര്‍ കത്തില്‍ പറയുന്നു.

വിമത നേതാവും മന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ ഇന്ന് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയേക്കും. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിലപാട് അറിയിക്കാനാണ് ഷിന്‍ഡെ ക്യാമ്പ് തയ്യാറെടുക്കുന്നത്.

പ്രശ്‌നങ്ങള്‍ ശിവസേനയിലാണെങ്കിലും മറുവശത്ത് കോണ്‍ഗ്രസും തികഞ്ഞ ജാഗ്രതയിലാണ്. തങ്ങളുടെ എംഎല്‍എമാരെ ബിജെപി റാഞ്ചാന്‍ സാധ്യതയുണ്ടെന്ന ഭീതിയിലാണ് ഹൈക്കമാന്‍ഡ്. അതുകൊണ്ടാണ് കമല്‍നാഥിനെ മുംബൈയിലേക്ക് അയച്ചതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.