ബഫര്‍ സോണ്‍ ദൂരപരിധിയില്‍ ജനതാല്‍പര്യം പരിഗണിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്; ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ബഫര്‍ സോണ്‍ ദൂരപരിധിയില്‍ ജനതാല്‍പര്യം പരിഗണിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്; ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കൊച്ചി: വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീംകോടതി നിലപാടില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തന്നെ നിലപാട് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം.

ദൂരപരിധിയില്‍ ജനതാല്‍പര്യം പരിഗണിക്കണമെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അത് ആശാവഹമാണ്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കാനും അത് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

നിയമപരമായ കാര്യങ്ങളും പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി വനംവകുപ്പ് മന്ത്രിയെയും മുഖ്യവനപാലകനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റോഷി പറഞ്ഞു.

ബഫര്‍ സോണില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം സുപ്രീംകോടതി വിധിയ്ക്ക് മുമ്പേ തന്നെ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നതായും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ദേശീയ ശരാശരിയേക്കാള്‍ വനങ്ങള്‍ സംരക്ഷിക്കപ്പെടുന്ന പ്രദേശമാണ് കേരളം. അതില്‍ ഏറ്റവും കൂടുതല്‍ വനം നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥലമാണ് ഇടുക്കി. ഇവിടെ അധിവസിക്കുന്ന ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതല്ലേ ചെയ്യേണ്ടത്. ഏലം ഉള്‍പ്പെടെയുള്ള കൃഷികള്‍ക്ക് തണല്‍ നല്‍കുന്നതിനായി മരങ്ങള്‍ ആവശ്യമാണ്.

അങ്ങനെ കൃഷിയോട് അനുബന്ധമായി തന്നെ മരങ്ങള്‍ വെച്ചുപിടിക്കുന്ന സമൂഹമാണിത്. കാലാനുസൃതമായി വനം സംരക്ഷിക്കുന്നതിന്റെ ചുമതല കൂടി കര്‍ഷകര്‍ ഏറ്റെടുക്കുന്നുണ്ട്. അവരുടെ ജീവിതസാഹചര്യങ്ങളെ പരിഗണിക്കാതിരിക്കുന്നത് ശരിയല്ല. അവര്‍ ഇല്ലാതായാല്‍ ഇതുകൂടി നഷ്ടമാകും. ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്താനും കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.