ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബോധരഹിതയായി മുങ്ങിത്താഴ്ന്ന് യു.എസ് താരം; വീണ്ടും രക്ഷയുടെ കരങ്ങള്‍ നീട്ടി പരിശീലക

ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബോധരഹിതയായി മുങ്ങിത്താഴ്ന്ന് യു.എസ് താരം; വീണ്ടും രക്ഷയുടെ കരങ്ങള്‍ നീട്ടി പരിശീലക

ബുഡാപെസ്റ്റ്: നീന്തല്‍ മത്സരത്തിനിടെ ബോധരഹിതയായി പൂളിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താഴ്ന്ന യു.എസ് താരത്തിന് രക്ഷകയായി കോച്ച്. യു.എസിലെ പ്രശസ്ത വനിത നീന്തല്‍ താരം അനിറ്റ അല്‍വാരസിനെയാണ് പരിശീലകയായ ആന്ദ്രേ ഫ്യൂന്റസ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ഫിന വേള്‍ഡ് അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ട്ടിസ്റ്റിക് സോളോ ഫ്രീ ഫൈനലിനിടെയായിരുന്നു സംഭവം. ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് മത്സര വേദിയിലെ ഒരു വലിയ ദുരന്തമാണ് പരിശീലകയുടെ സമയോചിതമായ ഇടപെടിലൂടെ ഒഴിവായത്.

മത്സരത്തിനിടെ അല്‍വാരസ് ബോധരഹിതയായി മുങ്ങിത്താഴുന്നത് കണ്ട ആന്ദ്രേ ഫ്യൂന്റസ്, ലൈഫ് ഗാര്‍ഡുകളോട് രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് ഫ്യൂന്റസിന്റെ നിര്‍ദേശം മനസിലായില്ല. ഉടന്‍ അപകടം മണത്ത ഫ്യൂന്റസ് തന്നെ എടുത്തുചാടി അല്‍വാരസിനെ ഉപരിതലത്തിലെത്തിച്ചു. തുടര്‍ന്ന് താരത്തിന് വൈദ്യസഹായം നല്‍കി.


മുങ്ങിത്താഴ്ന്ന അനിറ്റ അൽവാരസിനെ പരിശീലക രക്ഷപ്പെടുത്തുന്നു

അല്‍വാരസിനെ ഉടന്‍ തന്നെ അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്കു മാറ്റി. എന്നാല്‍ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഹൃദയമിടിപ്പും ഓക്‌സിജന്റെ അളവും രക്തസമ്മര്‍ദവുമെല്ലാം സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സിന്‍ക്രണൈസ്ഡ് നീന്തലില്‍ നാല് തവണ ഒളിമ്പിക് മെഡല്‍ ജേതാവാണ് സ്പാനിഷ് പരിശീലകയായ ആന്ദ്രേ ഫ്യൂന്റസ്. രണ്ടാം തവണയാണ് ഫ്യൂന്റസ് അനിറ്റയുടെ രക്ഷകയാകുന്നത്. കഴിഞ്ഞ വര്‍ഷം ഒളിമ്പിക്സ് യോഗ്യതാമത്സരത്തിനിടെ സമാനരീതിയില്‍ മുങ്ങിത്താഴ്ന്ന അനിറ്റ അല്‍വാരസിനെ നീന്തല്‍ താരം ലിന്‍ഡി ഷ്രോഡറിന്റെ സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.