സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നയെയും സരിത്തിനെയും വീണ്ടും ചോദ്യം ചെയ്തു; ഇനിയും ഹാജരാകേണ്ടി വരുമെന്ന് ഇഡി

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നയെയും സരിത്തിനെയും വീണ്ടും ചോദ്യം ചെയ്തു; ഇനിയും ഹാജരാകേണ്ടി വരുമെന്ന് ഇഡി

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സ്വപ്നയെ ഇഡിയും പി.എസ്. സരിത്തിനെ പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയ്തു. സ്വപ്നയെ കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിരുന്നു.

രണ്ടു ദിവസമായി തുടരുന്ന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. മറ്റൊരു ദിവസം വീണ്ടും ഹാജരാകണമെന്ന് ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദിവസം നിശ്ചയിച്ചുനല്‍കിയിട്ടില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സ്വപ്ന തയ്യാറായില്ല.

മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി അടിസ്ഥാനമാക്കിയാണ് സ്വപ്നയെ ചോദ്യം ചെയ്തത്. ഇഡിയുടെ ഡല്‍ഹി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുംബാംഗങ്ങള്‍, എം. ശിവശങ്കര്‍, നളിനെ നെറ്റോ എന്നിവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലാണ് പ്രധാനമായും വിശദീകരണം തേടിയത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് ബിരിയാണിപ്പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന സ്വപ്നയുടെ ആരോപണത്തിന് തെളിവുകളും വിശദീകരണങ്ങളും ഇഡി ചോദ്യം ചെയ്യലില്‍ ആവശ്യപ്പെട്ടതായാണ് സൂചന. എറണാകുളം പോലീസ് ക്ലബിലായിരുന്നു പ്രത്യേക അന്വേഷണ സംഘം സരിത്തിനെ ചോദ്യം ചെയ്തത്. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം സരിത്തിനെ കേസില്‍ പ്രതി ചേര്‍ക്കണമോ എന്നതിലടക്കം തീരുമാനമുണ്ടാകുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.