അസമില്‍ പ്രളയം തുടരുന്നു; മരണം നൂറ് കടന്നു

അസമില്‍ പ്രളയം തുടരുന്നു; മരണം നൂറ് കടന്നു

ഗുവാഹത്തി: അസമിലെ പ്രളയത്തിന് ശമനമില്ലാതെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി. ഹൊജായി ജില്ലയില്‍ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, കാംരൂപില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, ബാര്‍പേട്ടയിലും നല്‍ബാരിയിലും മൂന്ന് പേര്‍ വീതവും മരിച്ചു.

32 ജില്ലകളിലെ 4,941 വില്ലേജുകളിലായി 54.7 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. 2.71 ലക്ഷത്തിലധികം ആളുകളാണ് 845 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 1025 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും ജില്ലാ ഭരണകൂടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ബജാലി, ബക്സ, ബാര്‍പേട്ട, ബിശ്വനാഥ്, ബോംഗൈഗാവ്, കച്ചാര്‍, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, ദിമ-ഹസാവോ, ഗോള്‍പാറ, ഗോലാഘട്ട്, ഹൈലകണ്ടി, ഹോജായ്, കാംരൂപ്, കാംരൂപ് മെട്രൊപൊളിറ്റന്‍, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, കരീംഗന്‍ജ്ലിഖ്പൂര്‍ , മോറിഗാവ്, നാഗോണ്‍, നാല്‍ബാരി, ശിവസാഗര്‍, സോനിത്പൂര്‍, സൗത്ത് സല്‍മാര, താമുല്‍പൂര്‍, ടിന്‍സുകിയ, ഉദല്‍ഗുരി ജില്ലകള്‍ പ്രളയത്തില്‍ മുങ്ങി.

പ്രളയത്തില്‍ 99,026 ഹെക്ടറില്‍ കൂടുതല്‍ കൃഷിയാണ് നശിച്ചത്. കോപ്പിലി, ദിസാങ്, ബ്രഹ്മപുത്ര നദികളിലെ ജലനിരപ്പ് പലയിടത്തും അപകടകരമാംവിധമാണ് ഒഴുകുന്നത്. സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), അസം പൊലീസിന്റെ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് എന്നിവ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ട്രെയിനില്‍ നാഗോണിലെത്തി. പ്രളയബാധിത പ്രദേശങ്ങള്‍ ബോട്ടില്‍ സന്ദര്‍ശിച്ച അദ്ദേഹം കാമ്പൂര്‍ കോളേജിലെയും റാഹ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായി സംസാരിച്ചു.

മോറിഗാവ് ജില്ലയിലെ നെല്ലിയിലെ ദേശീയ പാതയോരത്തെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പ്രളയബാധിതരായ കുടുംബങ്ങളെ ശര്‍മ്മ കാണുകയും അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വ്യാഴാഴ്ച കച്ചാറിലെ സില്‍ച്ചാര്‍ സന്ദര്‍ശിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.