ഇത്തിഹാദ് റെയില്‍ പദ്ധതി പുരോഗമിക്കുന്നു

ഇത്തിഹാദ് റെയില്‍ പദ്ധതി പുരോഗമിക്കുന്നു

അബുദബി: ദേശീയ റെയില്‍ പദ്ധതിയായി ഇത്തിഹാദ് റെയിലിന്‍റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ജബല്‍ അലിയില്‍ ദുബായ് മെട്രോ പാലത്തിന്‍റെയും റോഡുകളുടെയും പശ്ചാത്തലത്തില്‍ പദ്ധതിയുടെ നിർമ്മാണം നടക്കുന്നതിന്‍റെ വീഡിയോ ഇത്തിഹാദ് റെയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഫുജൈറയിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്‍റെ നിർമ്മാണദൃശ്യങ്ങള്‍ ആഴ്ചകള്‍ക്ക് മുന്‍പ് അധികൃതർ പുറത്തുവിട്ടിരുന്നു. പടിഞ്ഞാറ് സൗദി–യുഎഇ അതിർത്തിയായ ഗുവൈഫാത്ത് മുതൽ കിഴക്ക് ഒമാൻ വരെ നീളുന്ന 1,200 കിലോമീറ്റർ പാതയാണ് സജ്ജമാക്കുന്നത്. ഇതോടെ യാത്രാസർവ്വീസ് ആരംഭിച്ചാല്‍ അബുദബയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റുകൊണ്ട് എത്താന്‍ സാധിക്കും. അബുദബിയില്‍ നിന്ന് ദുബായിലേക്കും, ദുബായില്‍ നിന്ന് ഫുജൈറയിലേക്കും യാത്രചെയ്യാന്‍ 50 മിനിറ്റ് മതിയാകും.

മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയിലാണ് ഇത്തിഹാദ് റെയിലിലൂടെ ട്രെയിനോടുക. തുടക്കത്തില്‍ ചരക്ക് നീക്കം മാത്രം ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെങ്കിലും പിന്നീട് യാത്രാ തീവണ്ടികളും ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 400 യാത്രാക്കാർക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതായിരിക്കും പാസഞ്ചർ തീവണ്ടികള്‍. യുഎഇയിലെ വിവിധ എമിറേറ്റുകളേയും സ്ഥലങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടാണ് റെയില്‍ ഒരുങ്ങുന്നത്. 2024 ല്‍ യാത്രാ തീവണ്ടികള്‍ സേവനം തുടങ്ങുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.