അഭയ കേസ്; ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്ന് വിശ്വസിക്കില്ല: മാർ തോമസ് തറയിൽ

അഭയ കേസ്; ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്ന്  വിശ്വസിക്കില്ല: മാർ തോമസ് തറയിൽ

കോട്ടയം: അഭയ കേസിൽ സിബിഐ കോടതിയിൽ നടത്തിയ പ്രസ്താവനയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നവരാണ് ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും. 'ലോകം മുഴുവൻ പറഞ്ഞാലും അഭയ കേസിൽ ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്ന് വിശ്വസിക്കില്ലെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അഭയ കേസിലെ വിധിക്കെതിരെ പ്രതികരിച്ചത്. കേസന്വേഷണത്തിന് ഭാഗമായി ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനം നടന്ന കേസ് കൂടിയാണിത്. എന്നിട്ടും ഏതെങ്കിലും മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധിച്ചോയെന്ന് മാർ തോമസ് തറയിൽ ചോദിച്ചു.

മാർ തോമസ് തറയിൽ പിതാവിന്റെ ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം:

"അഭയക്കേസിലെ വിധി മരവിപ്പിച്ചു"
സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു ... സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു!

ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്നു ഞാൻ വിശ്വസിക്കില്ല.
കാരണം മറ്റൊന്നുമല്ല... അവർക്കെതിരെ സിബിഐ കോടതി നടത്തിയ വിധി മുഴുവൻ ഞാൻ വായിച്ചുനോക്കി. തെളിവുകളില്ലാതെ എങ്ങനെ വ്യക്തികളെ ജീവപര്യന്തം തടവിലിടാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ മനുഷ്യാവകാശലംഘനങ്ങൾ നടന്ന കേസ് കൂടിയാണിത്.
എന്നിട്ടു ഏതെങ്കിലും മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധിച്ചോ? ഇല്ല...കാരണം കുറ്റാരോപിതർ വൈദികനും കന്യാസ്ത്രീയുമാണല്ലോ...

സമീപകാല ചരിത്രത്തിൽ പൊതുസമൂഹത്താൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ട ഒരു സ്ത്രീയാണ് സി. സെഫി.
ഒരു സ്ത്രീപക്ഷവാദിയും അവർക്കെതിരെ നടന്ന അപമാനങ്ങളെക്കുറിച്ചു ഒരു വാക്കും പറഞ്ഞില്ല...
ആ അപമാനങ്ങൾക്കു നടുവിൽ അവർ പുലർത്തിയ ആത്മീയ ശാന്തത വിസ്മയനീയമാണ്!

ഒരു സംശയം മാത്രം...ഈ കേസിലെ കുറ്റാരോപിതർ ഒരു വൈദികനും കന്യാസ്ത്രീയും അല്ലായിരുന്നെങ്കിൽ മാധ്യമങ്ങളും സിബിഐ കോടതിയും കുറേക്കൂടെ നീതിപൂർവമായ നിലപാട് സ്വീകരിക്കുകയില്ലായിരുന്നോ?
നമ്മുടെ ക്രൂരതകൾക്ക് ആര് പ്രായശ്ചിത്തം ചെയ്യും?. എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


ഇരുപത്തിയെട്ട് വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.

എന്നാൽ ഇന്നലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഇരുവരും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.