സിപിഎമ്മിന് കടുത്ത അതൃപ്തി; എസ്എഫ്ഐയില്‍ അച്ചടക്ക നടപടി വരും; 23 പേര്‍ അറസ്റ്റില്‍

സിപിഎമ്മിന് കടുത്ത അതൃപ്തി; എസ്എഫ്ഐയില്‍ അച്ചടക്ക നടപടി വരും; 23 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എസ്എഫ്‌ഐയില്‍ അച്ചടക്ക നടപടിക്ക് സാധ്യത. സംഭവത്തില്‍ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്‌ഐയോട് നിര്‍ദ്ദേശിച്ചു. ബഫര്‍ സോണിലെ എസ് എഫ് ഐയുടെ സമരം പാര്‍ട്ടി അറിയാതെയാണെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.

എസ്എഫ്‌ഐ ജില്ലാ ഘടകത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി എടുത്ത് വിവാദത്തില്‍ നിന്നും തലയൂരാനാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ദേശീയ തലത്തില്‍ ബിജെപിക്കതിരെ രാഹുലും ഇടതുപാര്‍ട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോള്‍ എസ്എഫ്‌ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍.

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ നടപടിയെ സിപിഎം ഇതിനോടകം തള്ളിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലായിരുന്നുവെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചത്. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇ.പി ജയരാജന്‍ വിശദീകരിച്ചു.

അതിനിടെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമെന്നാണ് എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് യെച്ചൂരി പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.