'പോകാനുള്ളവര്‍ക്ക് പോകാം'; പുതിയ സേനയെ രൂപീകരിക്കും: ഷിന്‍ഡയെയും ബിജെപിയെയും വെല്ലുവിളിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി

'പോകാനുള്ളവര്‍ക്ക് പോകാം'; പുതിയ സേനയെ രൂപീകരിക്കും: ഷിന്‍ഡയെയും ബിജെപിയെയും വെല്ലുവിളിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നതിനിടെ വിമത നേതാവ് ഏകനാഥ് ഷിന്‍ഡയെയും ബിജെപിയെയും വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സാധാരണക്കാരായ ശിവസേനാ പ്രവര്‍ത്തകരാണ് തന്റെ സമ്പത്തെന്നും അവര്‍ കൂടെയുള്ളിടത്തോളം കാലം വിമര്‍ശനങ്ങളെ ഭയക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

പാര്‍ട്ടിയുമായി സഹകരിക്കുന്നവരുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ശിവസേനയെ സ്വന്തം ആളുകള്‍ തന്നെ ചതിച്ചു. നിങ്ങളില്‍ പലരും അര്‍ഹരാണെന്നിരിക്കെ ഈ വിമതര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി. നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇവര്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയാണ്. എന്നാല്‍ ഈ നിര്‍ണായക സമയത്ത് നിങ്ങള്‍ പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കുന്നു. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല' എന്ന് പ്രവര്‍ത്തകര്‍ക്ക് നന്ദി അര്‍പ്പിച്ച്‌ താക്കറെ പറഞ്ഞു.

'പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ എനിക്ക് കഴിവില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്. ശിവസേന ഒരു പ്രത്യയ ശാസ്ത്രമാണ്. ഹിന്ദു വോട്ടുകള്‍ മറ്റാരുമായും പങ്കിടാതിരിക്കാന്‍ ആ പ്രത്യയ ശാസ്ത്രത്തെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കാന്‍ വിമതര്‍ക്കാവില്ല. വിമതര്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും അത് ദീര്‍ഘകാലം തുടര്‍ന്നു പോകില്ല. പോകാനുള്ളവര്‍ക്ക് പോകാം. ഞാന്‍ പുതിയ സേനയെ രൂപീകരിക്കും' എന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.