രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വന്‍ റാലി; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കെ. സുധാകരന്‍

രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വന്‍ റാലി; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കെ. സുധാകരന്‍

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ കോണ്‍ഗ്രസിന്റെ പടുകൂറ്റന്‍ റാലി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

കെ. മുരളീധരന്‍, ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എംപി തുടങ്ങിയവരും ജാഥയുടെ മുന്‍നിരയിലുണ്ട്. റാലി കടന്നു പോയ വഴികളില്‍ പൊലീസിനെതിരേ പ്രവര്‍ത്തകര്‍ പലയിടത്തും തര്‍ക്കത്തിലേര്‍പ്പെട്ടു. പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ചത് നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. റാലിക്ക് ശേഷം പൊതുസമ്മേളനവും നടക്കുന്നുണ്ട്.

അതേസമയം ഓഫീസ് അടിച്ചുതകര്‍ത്ത എസ്എഫ് ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പൊലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അക്രമത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.

സിപിഎം നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് എസ്എഫ്‌ഐ അക്രമം നടത്തിയത്. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തിയത് അതിന്റെ തെളിവാണെന്നും സുധാകരന്‍ പറഞ്ഞു.

അക്രമത്തിന് പിന്നില്‍ ഉന്നത സിപിഎം നേതൃത്വത്തിന്റെ കറുത്ത കരങ്ങളുണ്ട്. ഈ ഹീനകൃത്യത്തിന് പിന്നിലെ ഗൂഢാലോചന നിലവിലത്തെ സാഹചര്യത്തില്‍ പോലീസ് അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കുമെന്നും കെ സുധാകരന്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.