കൊച്ചി: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാനോ ക്രിയാത്മകമായി വിഷയത്തിൽ ഇടപെടാനോ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ.
സംരക്ഷിത ഭൂപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ സംബന്ധമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെസിബിസി ജാഗ്രതാ കമ്മീഷന്റെ പ്രതികരണം.
ഒരു കിലോമീറ്റർ പരിധിയിൽ സംരക്ഷിത മേഖലകൾ നിശ്ചയിച്ചുകൊണ്ടുള്ള കേരള സർക്കാർ ഉത്തരവ് 2019 ൽ ഉണ്ടായിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഈ ഉത്തരവിനെ മറച്ചുവച്ചുകൊണ്ടാണ് ബഫർസോൺ വിഷയത്തിൽ ഭരണപക്ഷ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ നാളുകളിൽ പ്രശ്നപരിഹാരത്തിനെന്ന വ്യാജേന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തിയതെന്ന് കമ്മീഷൻ പറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഒരു വലിയ വിഭാഗം ജനങ്ങൾ ഉയർത്തുന്ന ആശങ്കകളോടുള്ള സർക്കാർ സമീപനങ്ങളിലെ ഇരട്ടത്താപ്പ് അപലപനീയമാണ്. കേരളത്തിന്റെ കാർഷികരംഗവും ഗ്രാമീണ മേഖലകളിൽ അധിവസിക്കുന്നവരും കടുത്ത പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന നാളുകളിൽ അത്തരം ആശങ്കകളിലകപ്പെട്ടിരിക്കുന്ന വലിയ സമൂഹത്തെ അവഗണിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് സർക്കാരിന്റേതും വിവിധ രാഷ്ട്രീയ പാർട്ടികളുടേതുമെന്ന് വ്യക്തമാവുകയാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് നിപതിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങൾ മനസിലാക്കി ആവശ്യമായ ഇടപെടലുകൾ നടത്താനും ജനപക്ഷ നയങ്ങളും നിലപാടുകളും സ്വീകരിക്കാനും സർക്കാർ തയ്യാറാകണം. ഭരണ - പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കുകയും ഒത്തൊരുമിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ സന്നദ്ധമാകുകയും ചെയ്യണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ നിർദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.