മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതര്‍ തങ്ങളുടെ വിഭാഗത്തിന് 'ശിവസേന ബാലാസാഹേബ്' എന്ന പേര് നല്‍കി. വിമതരെ ഒഴിവാക്കി താന്‍ പുതിയൊരു ശിവ സേന രൂപീകരിക്കുമെന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യഥാര്‍ത്ഥ സേന തങ്ങളാണെന്ന പ്രഖ്യാപനവുമായി ഷിന്‍ഡെ ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്.
ഇതിനിടെ ഷിന്‍ഡെ ഗ്രൂപ്പിനെ അയോഗ്യരാക്കാന്‍ താക്കറെയുടെ നേതൃത്വത്തില്‍ കരുനീക്കം തുടങ്ങി. കൂറുമാറ്റ നിരോധന നിയമം മുതലാക്കാനാണ് താക്കറെ പക്ഷം ശ്രമിക്കുന്നത്. എന്നാല്‍ എംഎല്‍എമാരില്‍ ഭൂരിപക്ഷവും തങ്ങളുടെ കൂടെയാണെന്ന് അവകാശപ്പെട്ട് കൊണ്ട് പുതിയൊരു പാര്‍ട്ടിയെന്ന പോലെ നിലനില്‍ക്കാനാണ് ഷിന്‍ഡെ ഗ്രൂപ്പ് ശ്രമിക്കുന്നത്. ' ഞങ്ങള്‍ ഇനി ശിവസേന ബാലാസാഹേബ് എന്നറിയപ്പെടും. ഒരു പാര്‍ട്ടിയുമായും ലയിക്കുകയില്ല' എന്നാണ് വിമത സംഘത്തിലെ പ്രധാനിയായ ആയ ദീപക് കേസാര്‍കര്‍ പറഞ്ഞത്.
ശിവസേനയ്ക്ക് മഹാരാഷ്ട്ര നിയമസഭയിലുള്ള 55 എംഎല്‍എമാരില്‍ 40 പേരും തനിക്കൊപ്പമുണ്ടെന്നാണ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ മൊത്തം 50 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. നിലവില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിയമസഭയില്‍ ന്യൂനപക്ഷമായെന്നും ഷിന്‍ഡെ പറയുന്നു.
റിബലുകളുമായുള്ള സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്ധവും സംഘവും അവരോട് തുറന്ന പോരിന് തയ്യാറെടുത്തു നില്‍ക്കുന്നത്. നേരത്തെ, മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്നും പുറത്തു വരാമെന്നു വരെ ഉദ്ധവ് അനുനയം പറഞ്ഞതായിരുന്നു. എന്നാല്‍, വളരെ വൈകിയ തീരുമാനമെന്നു പറഞ്ഞ് ഷിന്‍ഡെ അതു തള്ളുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.