തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ എന്ന് മേനി നടിക്കുമ്പോഴും മെഡിക്കല്‍ കോളേജുകളിലെ അനാസ്ഥകള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ഡോക്ടറുടെ വേഷത്തില്‍ എത്തി ഹൃദ്രോഗിയെ പരിശോധിച്ചത് കള്ളനാണെന്നാണ് കണ്ടെത്തല്‍. പരിശോധനയ്ക്ക് ശേഷം രാത്രി വീണ്ടും എത്തിയ ഇയാള്‍ രോഗിയുടെ കൂട്ടിരിപ്പുകാരില്‍ നിന്നും പണം അടങ്ങിയ പഴ്‌സ് കവരുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇതിന് മുന്‍പും ഡോക്ടറുടെ വേഷത്തില്‍ തട്ടിപ്പുകാര്‍ വിലസിയിട്ടുണ്ട്. പിജി ഡോക്ടറുടെ വേഷത്തില്‍ പത്ത് ദിവസത്തോളം രോഗിയെ ചികിത്സിച്ച നിഖിലെന്ന യുവാവിനെ കഴിഞ്ഞ മാസം പൊലീസ് പിടികൂടിയിരുന്നു. അന്ന് വിഴിഞ്ഞം സ്വദേശിയായ റിനുവില്‍ നിന്ന് കാലിന്റെ ചികില്‍സയ്ക്ക് മെഡിസിന്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച് ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു.
വെഞ്ഞാറമൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാര്‍ക്കാണ് കഴിഞ്ഞ ദിവസത്തെ തട്ടിപ്പില്‍ പണം നഷ്ടമായത്. രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ മോഷ്ടാവ് ഗോമതിയെ പരിശോധിച്ചിരുന്നു. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പടെ ഉപയോഗിച്ച് ഇയാള്‍ പരിശോധന നടത്തിയപ്പോള്‍ ബന്ധുക്കള്‍ക്ക് സംശയമൊന്നും തോന്നിയില്ല. ഇയാള്‍ വീണ്ടും പുലര്‍ച്ചെ എത്തിയാണ് പണം അടങ്ങിയ പഴ്‌സ് കവര്‍ന്നത്.
രണ്ട് പേഴ്‌സുകളാണ് മോഷണം പോയത്. മെഡിക്കല്‍ കോളേജിലെ സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞെങ്കിലും പൊലീസിനെ അറിയിക്കാന്‍ പറഞ്ഞ് അവര്‍ കൈമലര്‍ത്തുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്കായാണ് ഗോമതിയെ ആശുപത്രില്‍ അഡ്മിറ്റ് ചെയ്തത്. അടുത്തിടെ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കാരണം അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരണപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.