തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സിപിഎം വയനാട് ജില്ലാ കമ്മിറ്റിക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ രൂക്ഷ വിമര്‍ശനം. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമാറുകയും എസ്എഫ്‌ഐ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെയാണ് വയനാട് ജില്ലാ കമ്മിറ്റിയെ പാര്‍ട്ടി വിമര്‍ശിച്ചത്.
പാര്‍ട്ടിയെ വെട്ടിലാക്കിയ സമരമെന്നായിരുന്നു സംസ്ഥാന സമിതി യോഗത്തിലെ പൊതുവികാരം. വയനാട് ജില്ലാ നേതൃത്വം അറിയാതെയാണോ ഇങ്ങനെയൊരു സമരം എസ്എഫ്‌ഐ നടത്തുന്നതെന്ന് സംസ്ഥാന സമിതി യോഗത്തില്‍ അംഗങ്ങള്‍ ചോദിച്ചു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അത് ഇത്രയും അക്രമാസക്തമായി മാറുമെന്ന് അറിയില്ലായിരുന്നുവെന്നും വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചു. എന്നാല്‍ സംസ്ഥാന സമിതി അംഗങ്ങള്‍ ഈ വിശദീകരണത്തില്‍ തൃപ്തരായില്ല.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ സര്‍ക്കാരിന് 30,000 രൂപയുടെ നഷ്ടമുണ്ടായി. പൊലീസിനെ മര്‍ദിച്ചതിന് ശേഷമാണ് പ്രതികള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് കയറിയത്. 300 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് സംഘം ചേര്‍ന്ന് ആക്രമണം നടത്തിയത്.
പൊലീസ് വാഹനത്തിലേക്ക് പ്രതികളെ കയറ്റുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതികളെ രക്ഷപ്പെടുത്താനായി പൊലീസ് ജീപ്പ് തകര്‍ത്തു. വാഹനത്തിന്റെ ചില്ല് കല്ലും വടിയും ഉപയോഗിച്ചാണ് തകര്‍ത്തത്. ഒരു പൊലീസുകാരന്റെ കൈവിരള്‍ ആക്രമണത്തില്‍ ഒടിഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പ്രതികള്‍ ഇനിയുമുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനമായെത്തിയ കോണ്‍ഗ്രസുകാര്‍ ഇന്നലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ചിരുന്നു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. രാഹുല്‍ഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ദേശാഭിമാനി ഓഫീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.