ദ്രൗപതി മുര്‍മുവിന്റെ ഗ്രാമത്തില്‍ വൈദ്യുതി എത്തി; ആഹ്ലാദ നിറവില്‍ ഗ്രാമവാസികള്‍

ദ്രൗപതി മുര്‍മുവിന്റെ ഗ്രാമത്തില്‍ വൈദ്യുതി എത്തി; ആഹ്ലാദ നിറവില്‍ ഗ്രാമവാസികള്‍

ഭുവനേശ്വര്‍: ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഒഡീഷയില്‍ മുര്‍മുവിന്റെ ഗ്രാമത്തിലുള്ളവര്‍ക്ക് വെളിച്ചമെത്തി. ഇനിയും വൈദ്യുതി എത്താത്ത ഗ്രാമത്തില്‍ വളരെ വേഗമാണ് കാര്യങ്ങള്‍ നടന്നത്.

മുര്‍മുവിന്റെ ജന്മസ്ഥലമായ ഉപര്‍ബെഡയിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുര്‍മു ഇപ്പോള്‍ ഇവിടെ താമസിക്കുന്നില്ലെങ്കിലും അവരുടെ ബന്ധുക്കള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഉപര്‍ബെഡയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മുനിസിപ്പല്‍ പട്ടണമായ റായ്രംഗ്പൂരിലാണ് പതിറ്റാണ്ടുകളായി മുര്‍മു താമസിക്കുന്നത്.

രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയാവുമെന്ന് ഏതാണ്ട് ഉറപ്പാക്കിയ മുര്‍മുവിന്റെ ജന്മനാട് തേടി മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ഇപ്പോഴും ഗ്രാമീണര്‍ മണ്ണെണ്ണ വിളക്കിന്റെ സഹായത്തോടെയാണ് രാത്രി വെളിച്ചം കാണുന്നതെന്ന് മനസിലാക്കിയത്. ഇത് വാര്‍ത്തയായതോടെയാണ് ഒഡീഷ സര്‍ക്കാര്‍ ഉണര്‍ന്നത്.

മുര്‍മുവിന്റെ അനന്തരവന്‍ ബിരാഞ്ചി നാരായണ്‍ ടുഡുവും അദ്ദേഹത്തിന്റെ കുടുംബവും ഇപ്പോഴും ഈ കുഗ്രാമത്തിലാണുള്ളത്. തങ്ങള്‍ പലരോടും വൈദ്യുതിക്കായി അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അവരാരും ശ്രദ്ധിച്ചിരുന്നില്ലെന്ന് ബിരാഞ്ചി നാരായണ്‍ ടുഡുവിന്റെ ഭാര്യ പറഞ്ഞു.

ഉത്സവ വേളകളില്‍ മുര്‍മു ഗ്രാമത്തില്‍ എത്താറുണ്ടെങ്കിലും ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. പ്രദേശത്തെ എംഎല്‍എയെയും എംപിയെയും അറിയിച്ചിരുന്നുവെങ്കിലും അവര്‍ കാര്യമായി എടുത്തിരുന്നില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.