അഡ്വ.മാത്യു മൂത്തേടൻ; ഒരു യഥാർത്ഥ ക്രൈസ്തവസാക്ഷ്യം - ടോണി ചിറ്റിലപ്പിള്ളി

അഡ്വ.മാത്യു മൂത്തേടൻ; ഒരു യഥാർത്ഥ ക്രൈസ്തവസാക്ഷ്യം - ടോണി ചിറ്റിലപ്പിള്ളി

മനുഷ്യസ്നേഹത്തിന്റേയും മാനവിക ഐക്യത്തിന്റേയും മുദ്രകൾ അവശേഷിപ്പിച്ചാണ്‌ ശ്രീ മാത്യു മൂത്തേടൻ നമ്മെ ആകസ്മികമായി വിട്ടു പിരിയുന്നത്.നിരവധി പേരുമായി മലയാളികളും അല്ലാത്തവരുമായ നിരവധിയാളുകൾ മനസ്സിൽ ഒരായുസ്സിന്റെ കടപ്പാട് സൂക്ഷിക്കുന്ന സ്നേഹസമ്പന്നനും വിനയാന്വിതനുമായിരുന്ന മൂത്തേടൻ സാർ.സമൂഹത്തിലെ സ്നേഹസൗഹൃദങ്ങളുടെ മാലാഖയായിരുന്നു.മത, ജാതി, ഭാഷാ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനെ സ്നേഹിക്കാനും സഹായിക്കുവാനും ശ്രമിച്ച മൂത്തേടൻ സാറിന്റെ  ജീവിതം കാലദേശാതിർത്തികൾ ഭേദിച്ച് എന്നും സജീവമായി നിലനിൽക്കും.ഒരു പെർഫെക്റ്റ് ജെന്റിൽമാൻ,മറ്റുള്ളവരെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന  വ്യക്തി.അദ്ദഹത്തിന്റെ മരണത്തിൽ നഷ്ടം കൂടുതൽ ക്രൈസ്തവസഭകൾക്കാണ്.  

ഈ മരണം എന്നെ വല്ലാതെ തളർത്തുന്നു. മരണദിവസം എന്നെ വിളിക്കുകയും ഉച്ച വരെ എന്റെ പോസ്റ്റ് വായിക്കുകയും മാത്രമല്ല എല്ലാ ദിവസവും വിളിക്കുകയും ചെയ്യുന്ന വ്യക്തി പെട്ടെന്ന് മരണപ്പെടുക.വിശ്വസിക്കാൻ പ്രയാസം. "നിങ്ങൾ മരിക്കുമ്പോൾ ആരാണ് കരയുക"എന്ന ചിന്ത എന്റെ മനസിലേക്ക് സാറിന്റെ മരണവാർത്ത കേട്ടപ്പോൾ കയറി വന്നു.കാരണം സാറിന്റെ മരണം നമ്മെ ഓരോരുത്തരെയും ഉള്ളിന്റെയുള്ളിൽ കരയിപ്പിക്കുന്നു.
ചെറിയ ജീവിത കാലത്ത് വലിയ സേവനങ്ങൾ ചെയ്ത് ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും സാർഥകമായ ജീവിതം അടയാളപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹത്തിന്റെ ജീവിതം  അടിവരയിടുന്നു.സഹജീവികളെ സ്നേഹിക്കുവാനും സേവനം ചെയ്യുവാനും ജീവിതത്തിൽ വീണുകിട്ടുന്ന ഒരവസരവും പാഴാക്കാതെയാണ് ജീവിതം ധന്യമാക്കേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

സാറിന്റെ  ജീവിതം അക്ഷരാർഥത്തിൽ സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും പ്രായോഗിക ഭാഷ്യമായിരുന്നു.മറ്റുള്ളവർക്ക് തന്റെ സമയം പകുത്തു നൽകാൻ യാതൊരു മടിയും കാണിക്കാത്ത മനുഷ്യൻ.യുണൈറ്റഡ് ക്രിസ്ത്യൻ സെക്കുലർ ഫ്രന്റ്‌ എന്ന കൂട്ടായ്‍മ തന്നെ ഉദാഹരണം.അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിൽ വിതുമ്പുന്നത്  മാനവികതയുടെ വിശാലമായ അർഥത്തിലുള്ള കുടുംബവും സമൂഹവുമാണ്. ക്രൈസ്തവ സമൂഹത്തിനെ സമൂഹത്തിന്റെ എല്ലാ കുതിപ്പിലും കിതപ്പിലും താങ്ങും തണലുമായി എന്നും അദ്ദേഹമുണ്ടായിരുന്നു.ക്രൈസ്തവസഭകൾക്കു നേരെയുള്ള അദ്ദേഹത്തിന്റെ  ക്രിയാത്മകമായ വിമർശനം സഭകളെ പോസിറ്റീവ് ആയ ഒരു തലത്തിലേക്ക് മാറ്റി.

അടുത്തറിയുന്നവരേയും അറിയാത്തവരേയും പുഞ്ചിരിയോടെ അഭിമുഖീകരിച്ചും ആവശ്യമായ എല്ലാ സഹായങ്ങൾ ചെയ്തുമാണ് മൂത്തേടൻ  സാർ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചത്. പ്രമുഖ അഭിഭാഷകനും നേതാവുമൊക്കെയായപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരുമായും നേരിട്ട് ബന്ധം നിലനിർത്തിയ അദ്ദേഹം വേറിട്ട മാതൃകയാണ് സമ്മാനിച്ചത്. തനിക്ക് വരുന്ന മിക്കവാറും എല്ലാ സന്ദേശങ്ങൾക്കും സ്വന്തമായി പ്രതികരിച്ചും നടപടി സ്വീകരിച്ചും ജീവിതത്തിൽ സന്തോഷം കണ്ടെത്തിയ ആ മനുഷ്യ സ്നേഹി  നമ്മുടെ സമയം മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ടതാണെന്നും ഉറച്ചു വിശ്വസിച്ചു.

 ജീവിത കാലത്ത് ചെയ്യുന്ന മാതൃകാപരമായ കർമങ്ങളാണ് മനുഷ്യനെ അനശ്വരനാക്കുക എന്ന യാഥാർഥ്യമാണ് സാറിന്റെ മരണത്തിലൂടെ തിരിച്ചറിയുന്നത്. സൗഹൃദത്തിൽ കെട്ടിപ്പടുത്ത മഹാസാമ്രാജ്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. മാനവിക മൂല്യങ്ങൾ അന്യം നിൽക്കുകയോ പരിമിതമാവുകയോ ചെയ്യുന്ന സമകാലിക സമൂഹത്തെയോർത്ത് അദ്ദേഹം സ്വയം വിലപിച്ചു.   വിസ്മയകരമായ പ്രവർത്തനങ്ങളാലാണ് അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കിയത്.എല്ലാ ക്രൈസ്തവരുടെയും ശാക്തീകരണം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.സ്നേഹം, കൂട്ടായ്മ,സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മേഖലകളിൽ വേറിട്ട മാതൃകയും പാരമ്പര്യവും അവശേഷിപ്പിച്ചാണ് അഡ്വ.മാത്യു   ഈ ലോകത്തോട് വിടപറഞ്ഞത്.

ക്രൈസ്തവ കൂട്ടായ്മ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ചുമൊക്കെയായിരുന്നു അദ്ദേഹം ചിന്തിച്ചത് എന്നാണ് അവസാന നാളുകളിലെ അദ്ദേഹത്തിന്റെ വാട്സ് ആപ് സന്ദേശങ്ങൾ നമ്മോട് പറയുന്നത്. ഈ ലോകത്ത് ജനിക്കുന്നവരൊക്കെ ഒരു നാൾ കളം വിട്ടൊഴിയേണണ്ടിവരുമെന്നത് പ്രകൃതിയുടെ അലംഘനീയമായ തീരുമാനമാണ്. വിടപറയും മുമ്പേ നല്ല മനസ്സോടെ സുകൃതങ്ങൾ പ്രവർത്തിക്കുന്നവരാണ് ജനമനസ്സുകളിൽ ജീവിക്കുകയെന്ന ലളിതമായ പാഠമാണ് മൂത്തേടൻ സാറിന്റെ ജീവിതം നമുക്ക് പകർന്നു നൽകുന്ന ഏറ്റവും മഹത്തായ സന്ദേശം.

ലേഖകൻ സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.