നാമവിശേഷണങ്ങള്‍ നാണിച്ചുനില്‍ക്കുന്ന ലോകാത്ഭുതം - ഹെലന്‍ കെല്ലര്‍. ഇരുട്ടു കട്ടപിടിച്ചവന്റെ ജീവിതത്തെ പ്രകാശലോകത്തിന്റെ കവാടം തുറക്കുന്ന താക്കോലായി മനുഷ്യനു നല്‍കിയ പ്രത്യാശയുടെ പ്രതിരൂപം. കാഴ്ചയു ണ്ടെങ്കിലും മനുഷ്യനില്‍ മനുഷ്യത്വം കാണാത്ത, കേള്‍വിയുണ്ടെങ്കിലും അപരന്റെ നിലവിളി കേള്‍ക്കാത്ത, സംസാര ശക്തിയുണ്ടെങ്കിലും ആരോടും ഒരാശ്വാസവാക്കുപോലും പറയാത്ത ആധുനിക മനുഷ്യനുമുന്നില്‍ അന്ധയും മൂകയും ബധിരയുമായി വന്ന് മാനവരാശിക്കുമുഴുവന്‍ അതിജീവനമായി മാറിയ പ്രതിഭയാണ് ഹെലര്‍കെല്ലര്‍.
1880-ല്‍ അമേരിക്കയിലെ അലബാമയില്‍ ജനിച്ച ഹെലന്‍ ആഡംസ് കെല്ലര്‍ ഒന്നര വയസുള്ളപ്പോഴാണ് ബ്രെയിന്‍ഫിവര്‍ എന്ന മാരകരോഗംവന്ന് അന്ധയും ബധിരയും മുകയുമായത്. നല്ലവരായ മാതാപിതാക്കള്‍ ആര്‍തര്‍ കെല്ലറും കാതറിനും തങ്ങളുടെ പിഞ്ചോമനയ്ക്ക് അതിജീവനത്തിനുള്ള പാത തേടിയപ്പോള്‍ ദൈവം അവര്‍ക്ക് ഒരു അധ്യാപികയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു; അതാണ് ആനി സള്ളിവന്‍.
അന്ധകാരത്തില്‍ മെനഞ്ഞ അത്ഭുതവിളക്ക് എന്നു നാം ഹെലന്‍ കെല്ലറെ വിശേഷിപ്പിക്കുമ്പോള്‍ ഒരു ചോദ്യമുയരുന്നുണ്ട്. ആരാണ് ഈ അത്ഭുതവിളക്ക് മെനഞ്ഞത്. അത് അത്ഭുതസിദ്ധിയുള്ള ആനിസള്ളിവന്‍ എന്ന അധ്യാപികയാണ്. ഏഴാം വയസില്‍ ഹെലന്റെ അടുത്തെത്തിയ ആ ഗുരുസാന്നിധ്യം 49 വര്‍ഷം അവളുടെകുടെയുണ്ടായിരുന്നു. അരനുറ്റാണ്ടുനീണ്ട ഈ ഗുരുശിഷ്യബന്ധം ഇന്ന് സര്‍വ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പാഠപുസ്തകമാണ്.
“കര്‍ശനനിയമങ്ങളേക്കാള്‍ ഇന്നു വിദ്യാര്‍ഥികള്‍ക്കുവേണ്ടത് അവരുടെ മനസ്സറിഞ്ഞുള്ള നിര്‍ദേശങ്ങളും സഹാ നുഭൂതിയുമാണെ'ന്ന അധ്യയന സിദ്ധാന്തം അനുഭവംകൊണ്ടെഴുതിയ ആനി സള്ളിവന്‍ പറയുന്നു: “എല്ലാ അധ്യാപ കര്‍ക്കും അത്ഭുത സിദ്ധിയുണ്ട്. ജനലും വാതിലുമടച്ച നിലവറകള്‍പോലുള്ള വിദ്യാര്‍ഥി മനസുകളില്‍നിന്ന് അറിവിന്റെ നിധി പുറത്തുകൊണ്ടുവരുന്ന അത്ഭുത സിദ്ധിയാണത്.” “ഇരുളുവിഴുങ്ങിയ തന്റെ സ്വപ്നങ്ങളെ പ്രത്യാശയുടെ പ്രകാശത്തിലേക്ക് നയിച്ച ശക്തി ഈശ്വരവിശ്വാസമാണ്” എന്ന് ഹെലനെക്കൊണ്ടു പറയിപ്പിച്ച ആത്മീയ അനുഭവമായിരുന്നു ആനി ടീച്ചർ. നല്ല അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ദൈവസാന്നിധ്യമാണ്.
"വെളിച്ചത്ത് ഒറ്റയ്ക്കു നടക്കുന്നതിനേക്കാള്‍ നല്ലത് ഇരുട്ടത്ത് ഒരു സുഹൃത്തിനൊപ്പം നടക്കുന്നതാണ്” എന്ന് ഹെലന്‍ പറയാന്‍ കഴിഞ്ഞതും ഈ ഗുരുസന്നിധ്യത്തിലാണ്.
ഏഴു വയസായപ്പോഴേക്കും അറുപതിലധികം ആംഗ്യങ്ങളിലൂടെ സ്വന്തമായി ഒരു ആശയവിനിമയ ശൈലി വികസിപ്പിച്ചെടുത്ത ആ അത്ഭുത ബാലികയിലെ അസാധാരണമായ സാധ്യതകള്‍ കണ്ടെത്താന്‍ ആനി കുട്ടിയോടൊപ്പം മറ്റൊരു വീട്ടിലേക്കു മാറിത്താമസിച്ചു. “എല്ലാ നല്ല വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനം അധ്യയനത്തിനുള്ള അനുയോജ്യമായ അന്തരീക്ഷമാണെ'ന്ന് സള്ളിവന്‍ പറയുന്നു. പഠനം എപ്പോഴും പവിത്രമായ അന്തരീക്ഷത്തിലായിരിക്കണം. അതുകൊണ്ടാണ് മികച്ച വിദ്യാലയങ്ങള്‍ പലതും നഗരാരവങ്ങളില്‍നിന്നും നല്ല അകലം സൂക്ഷിക്കുന്നത്.
എന്നാല്‍, ഇന്നു ഗുരുശിഷ്യ ബന്ധങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും എന്തെല്ലാം വികലമുല്യങ്ങളാണ് ഇഴ ഞ്ഞുകയറുന്നത്. മത- രാഷ്ട്രീയ വൈരവും വൈരാഗ്യവും സ്റ്റാഫ് റൂമുകളില്‍നിന്നല്ലേ പലപ്പോഴും ക്ലാസ് മുറികളിലേക്കെത്തുന്നത്? അധ്യയനത്തിനു നിരക്കാത്ത ഇത്തരം അഭ്യാസങ്ങള്‍ കൈവശമുള്ള അധ്യാപകര്‍ വിദ്യാര്‍ഥികളുടെ കാഴ്ച മറയ്ക്കുന്നു, കാതടപ്പിക്കുന്ന, വാക്കുകള്‍ വറ്റിച്ചുകളയുകയും ചെയ്യുന്നു.
അതിനാല്‍ കാഴ്ചയുള്ള പല വിദ്യാര്‍ഥികള്‍ക്കും ഇന്ന് നല്ല അധ്യാപകരെ കാണാന്‍ കാഴ്ചയില്ല. കേള്‍വിയുള്ള വര്‍ക്ക് ഗുരുസ്വരം കേള്‍ക്കാന്‍ ഇഷ്ടമില്ല. അവരോട് സംസാരിക്കുവാന്‍ നേരവുമില്ല.
"കാഴ്ചയുണ്ടെങ്കിലും കാഴ്ചപ്പാടില്ലാത്തതാണ് അന്ധതയെക്കാള്‍ ഭീകരം” എന്ന് ഹെലന്‍കെല്ലര്‍ പറയുന്നത് എത്രസത്യമാണ്. ആനി സള്ളിവന്‍ നല്ല അധ്യാപകര്‍ക്കുള്ള മാതൃകയാണ്. വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തെപ്പറ്റി നല്ല കാഴ്ചപ്പാടുകള്‍ നല്കാന്‍ അധ്യാപകര്‍ക്കു കഴിയണം. “എന്റെ കഴിവിനനുസരിച്ച് എനിക്കു പ്രതിസന്ധികള്‍ തരണേ എന്നല്ല, എന്റെ സകല പ്രതിസന്ധികളേയും തരണംചെയ്യാന്‍ കഴിവുതരണേ എന്നാണ് നാം ഓരോരുത്തരും പ്രാര്‍ത്ഥിക്കേണ്ടത്” എന്ന് ഹെലന്‍ കെല്ലറിന് പറയാന്‍ കഴിഞ്ഞത് ഈ അധ്യാപികയുടെ പ്രചോദനംകൊണ്ടാണ്.
ഇടംവലം നോക്കാത്ത അനുസരണശിലമുള്ള ഒരു വിദ്യാര്‍ഥിക്ക് നല്ല അധ്യാപകന്‍ ജീവിതത്തിന്റെ ആദ്യാക്ഷര മെഴുതാനുള്ള അരിപ്പാത്രമാണ് എന്ന് ഹെലനും സള്ളിവനും നമ്മെ പഠിപ്പിക്കുന്നു. കാഴ്ചയും കേള്‍വിയും സംസാരവുമില്ലാതെ ഹെലന്‍ കെല്ലര്‍ സ്വന്തമായി നിര്‍മിച്ച ലിപിയിലൂടെ ലോകത്തിനു നല്‍കിയത് മഹത്തായ ജീവിതദര്‍ശനങ്ങളുടെ ബൃഹത്ഗ്രന്ഥങ്ങളാണ്.
ശുദ്ധിയുള്ള ഗുരുശിഷ്യ ബന്ധത്തിന് ഇന്നും അത്ഭുതപ്രതിഭകളെ സൃഷ്ടിക്കാന്‍ കഴിയുമെന്നുള്ള അനുഭവസാ ക്ഷ്യമാണ് നമുക്കു മുന്നില്‍ ഹെലന്‍ കെല്ലറും ആനി സള്ളിവനും.
ഫാ റോയി കണ്ണൻചിറ സിഎംഐ എഴുതിയ പ്രപഞ്ചമാനസം എന്ന ഗ്രന്ഥത്തിൽ നിന്ന്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.