ഗള്‍ഫ് മലയാളികളെ പിഴിഞ്ഞ് വിമാന കമ്പനികള്‍; ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്, സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രവാസികള്‍

ഗള്‍ഫ് മലയാളികളെ പിഴിഞ്ഞ് വിമാന കമ്പനികള്‍; ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്, സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രവാസികള്‍

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. ഗള്‍ഫില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ 500 ശതമാനത്തില്‍ അധികമാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി നാട്ടിലേക്ക് വരാന്‍ സാധിക്കാതിരുന്ന മലയാളികളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

സ്‌കൂളുകള്‍ മധ്യ വേനലവധിക്ക് അടയ്ക്കുന്നതിനൊപ്പം ബക്രീദ് സീസണും മുന്നില്‍ക്കണ്ടാണ് വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്തിയത്. ജൂലൈ ആദ്യവാരം ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് 40,000 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ നിരക്ക്.

സാധാരണ ഇത് 20,000 രൂപയ്ക്ക് താഴെയാണ് വരാറുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം തുടങ്ങുന്നതും കേരളത്തിലേക്കുള്ള വിമാനങ്ങള്‍ പല കമ്പനികളും വെട്ടിക്കുറച്ചുതുമാണു ഈ നിരക്കു വര്‍ധനയ്ക്ക് ഇടയാക്കിയത്. എല്ലാ വര്‍ഷവും ഈ സീസണില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താറുണ്ടെന്ന് ട്രാവല്‍ ഏജന്‍സി ഉടമകള്‍ പറഞ്ഞു.

ജൂലൈ ഒന്നിനു ദുബായില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നിരക്ക് 44,000 രൂപയാണ്. അതേദിവസം തിരുവനന്തപുരത്തു നിന്ന് അങ്ങോട്ട് പോകാന്‍ വെറും 12,000 രൂപ മതിയാകും.

കോവിഡ് കാലത്ത് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ പല എയര്‍ലൈന്‍സും ഗണ്യമായി കുറച്ചിരുന്നു. എന്നാല്‍ പലരും ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷവും വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനസ്ഥാപിച്ചില്ല.

വിമാന ഇന്ധന വില വന്‍തോതില്‍ വര്‍ധിച്ചതും ടിക്കറ്റ് നിരക്ക് ഉയരുന്നതിന് കാരണമായി. എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധന വില. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് വിമാന ഇന്ധന വിലയും വര്‍ധിക്കാന്‍ കാരണം. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.