ഔദ്യോഗിക വാഹനം സ്വകാര്യ യാത്രയ്ക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തല്‍: ലതികാ സുഭാഷിനോട് 97,140 രൂപ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

ഔദ്യോഗിക വാഹനം സ്വകാര്യ യാത്രയ്ക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തല്‍: ലതികാ സുഭാഷിനോട് 97,140 രൂപ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം


തിരുവനന്തപുരം: എന്‍സിപി പ്രതിനിധിയായി കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സനായ ലതികാ സുഭാഷിനെതിരേ എംഡി രംഗത്ത്. ലതികാ സുഭാഷ് തന്റെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്ന് വനംവികസന കോര്‍പ്പറേഷന്‍ എംഡി പ്രകൃതി ശ്രീവാസ്തവ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കാന്‍ എംഡി ലതികാ സുഭാഷിനോട് നിര്‍ദേശിക്കുകയും ചെയ്തു. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയതായി എംഡി നല്‍കിയ കത്തിലുണ്ട്.

ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ ജൂണ്‍ 30 നുമുമ്പ് അടയ്ക്കണമെന്നാണ് നിര്‍ദേശം. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക വാഹനമായ കെ.എല്‍-05 എ.ഇ. 9173 കാര്‍ കോര്‍പ്പറേഷന്‍ ആവശ്യങ്ങള്‍ക്കല്ലാതെ ചെയര്‍പേഴ്സണ്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.

അതേസമയം വനംവികസന കോര്‍പ്പറേഷനില്‍ എംഡി-ചെയര്‍പേഴ്‌സണ്‍ ശീതസമരം തുടരുകയാണ്. കഴിഞ്ഞയാഴ്ച്ച ലതികാ സുഭാഷിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ളവരെ പിരിച്ചുവിട്ടിരുന്നു.

വിവിധ തസ്തികകളിലേക്ക് ചെയര്‍പേഴ്സന്റെ ശുപാര്‍ശയില്‍ നിയമിച്ചവരെയും ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്‍സിപിയിലെ പ്രശ്‌നങ്ങളാണ് വനംവികസന കോര്‍പ്പറേഷനിലേക്കും വ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.