മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ അന്തരിച്ചു

 മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ ടി ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.

രണ്ട് നായനാര്‍ മന്ത്രിസഭകളിലും അംഗമായിരുന്നു. 1987ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായും 96ല്‍ ധനമന്ത്രിയുമായിരുന്നു. ദീര്‍ഘകാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. സി പി എം സംസ്ഥാന കമ്മിറ്റി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മലമ്പുഴ മണ്ഡലത്തില്‍ നിന്നായിരുന്നു മൂന്ന് തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും അദ്ദേഹം ഭരണ വൈദഗ്ധ്യം തെളിയിച്ചു.

അധ്യാപന മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ നേതാവാണ് ശിവദാസ മേനോന്‍. സംസ്ഥാനത്ത് അധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ കര്‍ശനമായ ഇടപെടലാണ് അദ്ദേഹം നടത്തിയത്. നേരത്തെ മണ്ണാര്‍ക്കാട്ടിലെ കെ ടി എം ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന ശിവദാസ മേനോന്‍ പിന്നീട് സ്‌കൂളിന്റെ ഹെഡ് മാസ്റ്ററായി. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു.

തുടക്കകാലത്ത് കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ മലബാര്‍ റീജിയണല്‍ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്റെ (കെപിടിയു) ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1984, 1980, 1977 വര്‍ഷങ്ങളില്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും മൂന്ന് തവണയും പരാജയപ്പെട്ടിരുന്നു.

മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീ ദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്‍, സി കെ കരുണാകരന്‍. സഹോദരന്‍: പരേതനായ കുമാരമേനോന്‍. ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.