ന്യൂഡല്‍ഹി: കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിക്ക് മെറ്റ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ ജോലി. ജെ യു വിദ്യാര്‍ത്ഥിയായ ബിസാഖ് മൊണ്ടലിനെ തേടിയാണ് ഈ ഭാഗ്യം എത്തിയത്. ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും ജോലി ഓഫറുകള്‍ ബിസാളിന് ഇതിന് മുമ്പ് ലഭിച്ചിരുന്നു. എന്നാല്‍, ഉയര്‍ന്ന ശമ്പളം കാരണമാണ് ഫേസ്ബുക്ക് തിരഞ്ഞെടുത്തത്. വരുന്ന സെപ്റ്റംബറില്‍ ലണ്ടനിലേക്ക് ബിസാഖ് പറക്കാന്‍ തയ്യാറെടുക്കുകയാണ്. 1.8 കോടി രൂപയുടെ വാര്‍ഷിക പാക്കേജിലാണ് ജോലി ലഭിച്ചിരിക്കുന്നത്.
മറ്റ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജാണിതെന്ന പ്രത്യേകയും ഉണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ബിസാഖ് മൊണ്ടല്‍. വിദ്യാര്‍ത്ഥിയുടെ വാക്കുകള്‍ ഇങ്ങനെ- 'സെപ്റ്റംബറില്‍ ഞാന്‍ ഫേസ്ബുക്കില്‍ ചേരും. ഈ ജോലി സ്വീകരിക്കുന്നതിന് മുമ്പ് എനിക്ക് ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും ജോലി ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, അത് ഞാന്‍ തിരഞ്ഞെടുത്തില്ല. അവര്‍ വാഗ്ദാനം ചെയ്യുന്ന ശമ്പള പാക്കേജിക്കാള്‍ കൂടുതലാണ് എനിക്ക് ഫേസ്ബുക്ക് വാഗ്ദാനം ചെയ്തത്. ഇതാണ് എനിക്ക് മികച്ചതെന്ന് കരുതി തിരഞ്ഞെടുക്കാന്‍ തയ്യാറായത്'. വിദ്യാര്‍ത്ഥി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബിസാഖ് മൊണ്ടലിനെ തേടി ജോലി എത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് മഹാമാരിക്കാലത്ത് നിരവധി ഓര്‍ഗനൈസേഷനുകളില്‍ ബിസാഖ് മൊണ്ടല്‍ ഇന്റേണ്‍ഷിപ്പ് ചെയുകയും കൂടുതല്‍ അറിവ് ശേഖരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജോലി നേടാനായി അഭിമുഖങ്ങളില്‍ സ്ഥിരമായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിസാഖ് മൊണ്ടലിനെ തേടി ജോലി എത്തിയത്. അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കുകയായിരുന്നു ഇക്കാര്യങ്ങള്‍.
ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ഒരു സാധാരണ കുടുംബത്തിലാണ് ബിസാഖ് മൊണ്ടല്‍ ജനിച്ചത്. ബിസാഖിന്റെ അമ്മ അങ്കണവാടി ജീവനക്കാരിയാണ്. ബിസാഖിന്റെ ഈ നേട്ടത്തില്‍ ഇന്ന് ഏറെ സന്തോഷിക്കുന്ന വ്യക്തിയാണ് അമ്മയായ ഷിബാനി. ബിസാഖിന് ലഭിച്ച ഈ നേട്ടം തങ്ങള്‍ക്ക് വളരെ അഭിമാനകരമാണ്. മകന്‍ എല്ലാ കാര്യത്തിലും എല്ലായ്‌പ്പോഴും മുന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥിയാണെന്നും അമ്മ ഷിബാനി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.