ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം താഴേക്ക്, യുഎഇ ദിർഹവുമായി 22 എത്തുമോ എന്ന് പ്രവാസികൾ

ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം താഴേക്ക്, യുഎഇ ദിർഹവുമായി 22 എത്തുമോ എന്ന് പ്രവാസികൾ

ദുബായ്: ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഇന്ന് വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎസ് ഡോളറുമായി ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യന്‍ കറന്‍സി. ഒരു ഡോളറിന് 78 രൂപ 86 പൈസയാണ് വിനിമയ മൂല്യം. 

അതേസമയം യുഎഇ ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിർഹത്തിന് 21 രൂപ 50 പൈസയാണ് രാവിലെ വിനിമയനിരക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്ന പ്രവണതയാണ് കാണുന്നത്. വരും ആഴ്ചയിലും രൂപയുടെ മൂല്യം അസ്ഥിരമായി തുടരും. 

അതേസമയം ഒരു ഡോളറിന് 78 രൂപ 55 പൈസയെന്ന ശരാശരി മൂല്യത്തിലായിരിക്കും വരും ദിവസങ്ങളില്‍ വ്യാപാരമെന്നും സാമ്പത്തിക രംഗത്തുളളവർ വിലയിരുത്തുന്നു. ആഗോള വിപണിയില്‍ എണ്ണവില ഉയർന്നുനില്‍ക്കുന്നതും പണപ്പെരുപ്പവും ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായി. 

ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ സമീപ ഭാവിയില്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81 എന്ന നിലയില്‍ വരെയെത്താന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തല്‍. മൂല്യം തിരിച്ചു പിടിക്കാന്‍ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്ത് നിലപാട് എടുക്കുമെന്നുളളതും പ്രധാനമാണ്. ആർ ബി ഐയുടെ കരുതല്‍ ധനനയവും പണനയവുമാണ് രൂപയുടെ മൂല്യം ഇത്രയെങ്കിലും പിടിച്ചുനിർത്തുന്നത്.

എണ്ണ വിലയിലുണ്ടാകുന്ന വർദ്ധനവും ഇറക്കുമതി കൂടുന്നതും ഇന്ത്യന്‍ രൂപയെ കൂടുതല്‍ ദുർബലമാക്കും. അതേസമയം ഇറാനുമേലുളള ഉപരോധം നീങ്ങി എണ്ണ ഉല്‍പാദനം കൂടിയാല്‍ സ്വഭാവികമായും എണ്ണവില കുറയും. ഇതോടെ രാജ്യത്ത് പണപ്പെരുപ്പവും നിയന്ത്രിക്കാനാകും. പണപ്പെരുപ്പം നിയന്ത്രണവിധേയമായാല്‍ രൂപയുടെ മൂല്യവും കൂടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.