അമേരിക്കയിലെ ട്രക്ക് ദുരന്തത്തില്‍ മരണം 51; മനുഷ്യക്കടത്ത് തടയാന്‍ സാധ്യമായത് ചെയ്യുമെന്ന് ബൈഡന്‍

അമേരിക്കയിലെ ട്രക്ക് ദുരന്തത്തില്‍ മരണം 51; മനുഷ്യക്കടത്ത് തടയാന്‍ സാധ്യമായത് ചെയ്യുമെന്ന് ബൈഡന്‍

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസ് നഗരമായ സാന്‍ ആന്റോണിയോയിലെ ട്രക്ക് ദുരന്തത്തില്‍ മരണം 51 ആയി. ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 46 പേര്‍ക്ക് പുറമേ അഞ്ചു പേര്‍ കൂടി ഇന്നലെ മരിച്ചു. ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയും ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് ഈ മരണങ്ങള്‍ സംഭവിച്ചത്. മരിച്ചവര്‍ 39 പേര്‍ പുരുഷന്മാരും 12 പേര്‍ സ്ത്രീകളുമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് പൊലീസും പ്രാദേശിക ഭരണകര്‍ത്താക്കളും പറയുന്നു.

സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മെക്‌സിക്കന്‍ പൗരന്മാരായ ജുവാന്‍ ഫ്രാന്‍സിസ്‌കോ ഡി'ലൂണ, ജുവാന്‍ ക്ലോഡിയോ ഡി'ലൂണ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരും പൊലീസ് കസ്റ്റഡിയിലാണ്. ട്രക്ക് ഓടിച്ച യുഎസ് പൗരനെ കസ്റ്റഡിയിലെടുത്തെങ്കിലും കുറ്റം ചുമത്തിയിട്ടില്ല.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഒരു റെയില്‍വേ ട്രാക്കിന് സമീപം യന്ത്രത്തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രക്കിനുള്ളില്‍ നിന്നാണ് തിങ്കളാഴ്ച്ച രാത്രി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാറ്റും വെളിച്ചവും പ്രവേശിക്കാത്തവിധം അടച്ച ട്രക്കിനുള്ളില്‍ മൃഗസമാനമായ അവസ്ഥയില്‍ മനുഷ്യ ജീവനുകളെ കുത്തിനിറച്ചിരിക്കുകായിരുന്നു. നൂറിലേറെ പേര്‍ ട്രക്കിനുള്ളില്‍ ഉണ്ടായിരുന്നു. കടുത്ത ചൂടിന് പുറമേ ശ്വാസം കിട്ടാതെയാണ് ആളുകള്‍ മരിച്ചതെന്നും പൊലീസ് പറഞ്ഞു.



മരിച്ചവരില്‍ 27 മെക്സിക്കന്‍സും മൂന്ന് ഗ്വാട്ടിമാലക്കാരും നാല് ഹോണ്ടുറാസുകാരും ഉണ്ട്. മറ്റുള്ളവരുടെ പൗരത്വം അന്വേഷിച്ചുവരികെയാണ്. പത്തിലേറെ പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്.

ജീവനോടെ കണ്ടെത്തിയവരുടെ ശരീരത്തില്‍ സാധാരമായതിനേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെട്ടതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സാന്‍ അന്റോണിയോ ഫയര്‍ ചീഫ് ചാള്‍സ് ഹുഡ് പറഞ്ഞു. ട്രക്കിനുള്ളിലെ കടുത്ത ചൂട് ശരീരത്തില്‍ പ്രവേശിച്ചതാകാം. പുറത്തെ അന്തരീക്ഷ ഊഷ്മാവ് 39.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ദിവസമായിരുന്നു അന്ന്. അടച്ചിട്ട ട്രക്കിനുള്ളില്‍ അത് ഇരട്ടിയായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഭയാനകവും ഹൃദയഭേദകവുമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ദുര്‍ബലരായ മനുഷ്യരെ ലാഭത്തിനായി ചൂഷണം ചെയ്യുന്നത് മനുഷത്വരാഹിത്യമാണ്. മനുഷ്യക്കടത്തും കള്ളക്കടത്തും തടയുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് വിശദീകരിക്കാന്‍ കഴിയാത്ത ഒരു ദുരന്തമാണെന്ന് സാന്‍ അന്റോണിയോ മേയര്‍ റോണ്‍ നിരെന്‍ബെര്‍ഗ് പറഞ്ഞു.



അതേസമയം മരണത്തിന്റെ ഉത്തരവാദിത്തം ബൈഡന്‍ ഭരണകൂടത്തിനാണെന്ന വിമര്‍ശനവുമായി ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് രംഗത്തെത്തി. മരണങ്ങളുടെ ഉത്തരവാദി പ്രസിഡന്റ് ജോ ബൈഡനാണ്. ബൈഡന്‍ ഭരണകൂടത്തിന്റെ തെറ്റായ കുടിയേറ്റ നയത്തിന്റെ ഇരകളാണ് മരണപ്പെട്ടവര്‍. സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ മനുഷ്യക്കടത്ത് ദുരന്തങ്ങളില്‍ ഒന്നാണിതെന്നും അബോട്ട് പറഞ്ഞു.

2017 ജൂലൈയിലും സമാനമായ ദുരന്തം ഉണ്ടായിരുന്നു. വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രാക്ടര്‍ ട്രെയിലറില്‍ 10 കുടിയേറ്റക്കാരുടെ മൃതദേഹങ്ങളാണ് അന്റോണിയോ പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ഡ്രൈവര്‍ ജെയിംസ് മാത്യു, ബ്രാഡ്ലി ജൂനിയര്‍ എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.