മുംബൈ: അങ്ങനെ രണ്ടര വര്‍ഷത്തെ നൂല്‍പ്പാലത്തിലൂടെയുള്ള ഭരണം ഉദ്ധവ് താക്കറെയ്ക്ക് കൈമോശം വന്നിരിക്കുകയാണ്. അധികാരത്തിന് പിന്നില്‍ മാത്രം നില്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന താക്കറെ കുടുംബം മുന്നിലേക്ക് വന്നപ്പോള്‍ അതു തിരിച്ചടികളുടേതായി മാറി.
ബാലസാഹെബ് എന്ന ബാല്‍ താക്കറെയുടെ ശിവസേനയ്ക്ക് എന്താണ് പറ്റിയത്? എന്തുകൊണ്ടാണ് ഉദ്ധവിനെ ഒപ്പം നിന്നവര്‍ തന്നെ കൈവിട്ടത്. ഒരുപാട് ഉത്തരങ്ങളും അതിലേറെ ചോദ്യവും ബാക്കിയാക്കിയാണ് ഉദ്ധവ് പടിയിറങ്ങുന്നത്.
ജനപിന്തുണയില്ലാത്ത നേതാവ്, പാര്‍ട്ടിക്കാര്‍ക്ക് അപ്രാപ്യന്‍
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയാണ് ഉദ്ധവ് താക്കറെയുടെ ഇഷ്ടവിഷയം. രാഷ്ട്രീയത്തില്‍ നിന്ന് മാറിനടക്കാന്‍ ആഗ്രഹിച്ച ബാല്‍ താക്കറെയുടെ മകന് പക്ഷേ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കേണ്ടി വന്നു. അന്നും ഇന്നും മിതഭാഷിയും ഉള്‍വലിഞ്ഞ പ്രകൃതക്കാരനുമായ ഉദ്ധവ് സ്വയം പടവെട്ടി വളര്‍ന്നു വന്ന നേതാവായിരുന്നില്ല. കുടുംബ മഹിമയില്‍ രാഷ്ട്രീയത്തിലേക്കെത്തിയതിന്റെ എല്ലാ കുറവുകളിലും ഉദ്ധവിലും പ്രകടമായിരുന്നു. അതു തന്നെയാണ് അദേഹത്തിന്റെ പതനത്തിന് കാരണമായത്.
ബാല്‍ താക്കറെയെന്ന ബാലാസഹെബ് അണികള്‍ക്ക് എന്നും ആശ്രയവും ആവേശവുമായിരുന്നു. അതുകൊണ്ട് തന്നെ മരണം വരെ ശിവസേനയുടെ അവസാനവാക്ക് ബാല്‍താക്കറെയായിരുന്നു. തെരുവുകളില്‍ പോരാടിയായിരുന്നു അദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച. സാദാ പ്രവര്‍ത്തകനെ പോലും പേരു ചൊല്ലി വിളിച്ചായിരുന്നു ബാല്‍ താക്കറെ ഇടപെട്ടിരുന്നത്.
ഉദ്ധവ് താക്കറെയിലേക്ക് പാര്‍ട്ടിയുടെ നേതൃത്വമെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാരുടെ പേരുപോലും ഉദ്ധവിന് അറിയില്ലെന്നാണ് മുംബൈയിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. മകന്‍ ആദിത്യ താക്കറെ, സഞ്ജയ് റാവത്ത്, എന്‍സിപി നേതാവ് ശരത് പവാര്‍ തുടങ്ങിയവരായിരുന്നു ഉദ്ധവിന്റെ ഉപദേശകര്‍.
ഒരുകാലത്ത് ബാല്‍താക്കറെയുടെ അരുമ ശിഷ്യനായിരുന്ന ഏക്‌നാഥ് ഷിന്‍ഡെയെ പോലും ഉദ്ധവ് നിഴലിനപ്പുറം നിര്‍ത്തി. ശിവസേനയെ തുടര്‍ച്ചയായി കുഴപ്പങ്ങളില്‍ കൊണ്ടു ചാടിച്ച സഞ്ജയ് റാവത്തും കെട്ടിയിറക്കപ്പെട്ട നേതാവായിരുന്നു. ഈ മൂന്നുപേരുടെ ഉപദേശപ്രകാരമായിരുന്നു ഉദ്ധവ് ഭരണയന്ത്രം തിരിച്ചത്.
പ്രതീക്ഷയോടെ ശിവസേനയ്ക്കായി പണിയെടുത്ത സാദാ പ്രവര്‍ത്തകര്‍ പോലും അവഗണിക്കപ്പെട്ടതാണ് ഉദ്ധവിന്റെ ഭരണകാലമെന്ന് പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കള്‍ തന്നെ പോലും മുറുമുറുക്കും.
തീവ്ര ഹിന്ദുത്വം വിട്ട് പ്രീണനത്തിലേക്ക്
ഉദ്ധവിന് ഏറ്റവും വലിയ പാളിച്ച സംഭവിച്ചത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്തതിലാണ്. തീവ്ര ഹിന്ദുത്വവും മണ്ണിന്റെ മക്കള്‍ വാദവുമായിരുന്നു ശിവസേനയുടെ മുഖമുദ്ര. മുംബൈ നഗരത്തില്‍ മുസ്ലീം വിഭാഗങ്ങള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും സ്വസ്ഥതയോടെ ജീവിച്ചിരുന്നത് ശിവസേന പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ടായിരുന്നു.
തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വഴിമാറിയ ഉദ്ധവ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ഇസ്ലാമിക പ്രീണന വഴിയെ നടന്നു തുടങ്ങി. അതോടെ ശിവസേനയുടെ പതനവും തുടങ്ങിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബിജെപി നേതാവിനെതിരേ ഏറ്റവും കൂടുതല്‍ കേസുകളെടുത്തത് മഹാരാഷ്ട്ര പൊലീസാണെന്നത് തന്നെ ഉദ്ധവിന്റെ മുസ്ലീം പ്രീണനത്തിന്റെ തെളിവാണ്.
പൗരത്വ നിയമത്തിനെതിരായ സമരത്തിന് മഹാരാഷ്ട്രയില്‍ വളംവച്ച് കൊടുത്തതും ശിവസേന സര്‍ക്കാരാണ്. ഹിന്ദുത്വ വാദമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാര്‍ തീവ്ര മുസ്ലീം പ്രീണനം നടത്താന്‍ തുടങ്ങിയത് ശിവസേന അണികളെ തന്നെ പ്രകോപിപ്പിച്ചു.
അടിത്തട്ടില്‍ ഉദ്ധവിന്റെ പ്രീണന നിലപാടുകള്‍ വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് മനസിലാക്കിയ ഏക്‌നാഥ് ഷിന്‍ഡെയും കൂട്ടരും ഉദ്ധവിനെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. ഇതോടെയാണ് വിമതവിഭാഗം ഒന്നിക്കുന്നതും ഉദ്ധവിന്റെ വീഴ്ച്ചയിലേക്ക് നയിക്കപ്പെടുന്നതും.
ഏക്‌നാഥ് ഷിന്‍ഡെയെന്ന ജനകീയന്‍
ഉദ്ധവ് ഉപദേശകരുടെ വാക്കുകള്‍ തേടിപ്പോയപ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായത് ഏക്‌നാഥ് ഷിന്‍ഡെയെയായിരുന്നു. സാധാ പ്രവര്‍ത്തകനായി രാഷ്ട്രീയം തുടങ്ങിയ ഷിന്‍ഡെയ്ക്ക് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. നല്ല സംഘാടകനും പ്രാസംഗികനുമായ ഷിന്‍ഡെയും ഒപ്പമുള്ളവരും പാര്‍ട്ടിയുടെ പോക്കില്‍ തൃപ്തരായിരുന്നില്ല.
പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നുവെന്ന ഷിന്‍ഡെയുടെ തോന്നലിനൊപ്പം എന്‍സിപിക്കും കോണ്‍ഗ്രസിനും പിന്നില്‍ ഒതുക്കപ്പെടുന്നുവെന്ന അണികളുടെ വികാരവും ചേര്‍ന്നതോടെയാണ് ഉദ്ധവിനെ മറിച്ചിടാനുള്ള നീക്കം തുടങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനം പോലും ഒരുവേള ഷിന്‍ഡെയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹിന്ദുത്വ വഴിയിലേക്ക് തിരിച്ചു വരികയാണ് തന്റെയും കൂടെയുള്ളവരുടെയും ആവശ്യമെന്ന് വ്യക്തമാക്കി ഷിന്‍ഡെ അതെല്ലാം നിരസിക്കുകയായിരുന്നു. കിട്ടിയ അവസരം മുതലാക്കി ബിജെപിയും ദേവേന്ദ്ര ഫഡ്‌നാവിസും ഉദ്ധവിനോടുള്ള പ്രതികാരം വീട്ടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.