പാരീസ് ഭീകരാക്രമണത്തില്‍ അവശേഷിച്ച കുറ്റവാളിക്കും ജീവപര്യന്തം; ഐഎസ്‌ തീവ്രവാദിക്ക് ശിക്ഷ ലഭിക്കുന്നത് 10 മാസത്തെ വിചാരണയ്‌ക്കൊടുവില്‍

പാരീസ് ഭീകരാക്രമണത്തില്‍ അവശേഷിച്ച കുറ്റവാളിക്കും ജീവപര്യന്തം; ഐഎസ്‌ തീവ്രവാദിക്ക് ശിക്ഷ ലഭിക്കുന്നത് 10 മാസത്തെ വിചാരണയ്‌ക്കൊടുവില്‍

പാരീസ്: 2015 നവംബര്‍ 13 ന് രാത്രി പാരീസില്‍ പലയിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ അവേശിച്ച കുറ്റവാളിക്കും ജീവപര്യന്തം. തീവ്രവാദ ആക്രമണത്തിന് ചാവേറാകാന്‍ നിയോഗിക്കപ്പെടുകയും സ്‌ഫോടനമായി മാറാന്‍ കഴിയാതെ പോകുകയും ചെയ്ത സലാ അബ്ദസലാമിനാണ് പ്രത്യേക വിചാരണ കോടതി ശിക്ഷിച്ചത്.

30 വര്‍ഷമാണ് ശിക്ഷാ കാലാവധി. ഇതിനിടെ ഒരിക്കല്‍ മാത്രം പരോളിന് അവസരം ഉണ്ടാകുകയുള്ളൂവെന്നും കോടതി വിധിയില്‍ പറയുന്നു. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായാണ് ഇത്തരമൊരു ശിക്ഷാ വിധി.

ബറ്റാക്ലാന്‍ സംഗീത കേന്ദ്രം, ദേശീയ സ്റ്റേഡിയം, ബാറുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനങ്ങളില്‍ 130 പേര്‍ കൊലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നടന്ന വലിയ കൂട്ടക്കൊലയായാണ് സര്‍ക്കാരും നിയമജ്ഞരും ഇതിനെ കണ്ടത്. ആക്രണത്തിന് ഉത്തരവാദിത്തം പിന്നീട് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്‌)  ഏറ്റെടുത്തു.

സ്ഫോടക വസ്തുക്കളും ആയുധങ്ങളും വിന്യസിച്ചതില്‍ 32 കാരനായ സലാ അബ്ദസലാം നിര്‍ണായക പങ്ക് വഹിച്ചതായി കോടതി കണ്ടെത്തി. 19 തീവ്രവാദികള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഇവരില്‍ അഞ്ചുപേര്‍ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒരാള്‍ തൂര്‍ക്കിയില്‍ തടവിലാണ്. മറ്റുള്ളവരെ പലഘട്ടങ്ങളായി വിചാര കോടതി ശിക്ഷിച്ചു. അവസാത്തെ ആളായിരുന്നു ഫ്രഞ്ച് പൗരത്വമുള്ള ബെല്‍ജിയന്‍ വംശജനായ സലാ അബ്ദസലാം.

ആക്രമണത്തിന് ശേഷം ഒളിച്ചോടിയ പ്രതിയെ ബെല്‍ജിയം പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്. ഇതിനിടെ പൊലീസുമായി ഇയാള്‍ വെടിവയ്പ്പ് നടത്തി. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ബെല്‍ജിയന്‍ കോടതി അബ്ദസലാമിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചു. ഇതില്‍ ജയിലില്‍ കഴിയവെയാണ് പാരീസില്‍ വിചാരണ ആരംഭിച്ചത്.



വിചാരണയുടെ ആദ്യഘട്ടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളിയാണ് താനെന്ന് ധിക്കാരത്തോടെ പറഞ്ഞ അബ്ദസലാം പിന്നീട് ഇരകളോട് ക്ഷമാപണം നടത്തുന്നതിന്റെയും കുറ്റകൃത്യം നിഷേധിക്കുന്നതിന്റെയും കാഴ്ച്ചയാണ് വിചാരണ കാലയളവില്‍ കണ്ടത്. ചാവേറാകാന്‍ താന്‍ നിയോഗിക്കപ്പെട്ടിരുന്നെന്നും എന്നാല്‍ നിരപരാധികളായ ആളുകളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്ന വസ്ത്രങ്ങള്‍ പാരീസിന്റെ പ്രാന്തപ്രദേശത്ത് ഉപേക്ഷിച്ചതായും പ്രതി പറഞ്ഞു. കൊലപാതകി ആകാത്ത തന്നെ ശിക്ഷിക്കുന്നത് അനീതി ആയിരിക്കുമെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വസ്ത്രത്തിന് അപാകത ഉണ്ടായതിനാല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത ഇല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് വസ്ത്രം ഉപേക്ഷിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മാത്രമല്ല, മറ്റ് കുറ്റവാളികള്‍ക്ക് സഹായകമാകുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിരുന്നതായും പ്രോസിക്യൂഷന്‍ തെളിവ് നിരത്തി. ഇത് അംഗീകരിച്ചാണ് സലാ അബ്ദസലാമിനെ കോടതി ശിക്ഷിച്ചത്.

സലാ അബ്ദസലാമിന് മുന്‍പ് കേസില്‍ ആറു പേര്‍ക്ക് കൂടി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മുഹമ്മദ് അബ്രിനി, മുഹമ്മദ് ബക്കാലി, സ്വീഡിഷ് പൗരന്‍ ഒസാമ ക്രയേം, ടുണീഷ്യന്‍ പൗരന്‍ സോഫിയന്‍ അയാരി, മുഹമ്മദ് ഉസ്മാന്‍, അദേല്‍ ഹദ്ദാദി എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റുള്ളവരെ രണ്ടു മുതല്‍ 10 വര്‍ഷത്തേക്കും ശിക്ഷിച്ചു.



''സലാ അബ്ദസലാമിന്റെ ശിക്ഷ തീവ്രവാദിക്കള്‍ക്കുള്ള താക്കീതാണ്. കുറ്റത്തിന്റെ കാഠിന്യം എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് വിചാരണക്കോടതിയുടെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ ശിക്ഷാ വിധി'' ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജെറാര്‍ഡ് ചെംല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആധുനിക ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിചാരണയാണ് ഈ കേസില്‍ നടന്നത്. 2021 സെപ്റ്റംബറില്‍ ആരംഭിച്ച വിചാരണയില്‍ 2,500 ഓളം സാക്ഷികളെ വിസ്തരിച്ചു. ഇരകള്‍ക്കായി നൂറു കണക്കിന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി. കോടതി നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തി. എന്നാല്‍ വാര്‍ത്താമധ്യമങ്ങള്‍ക്ക് അവ നല്‍കിയില്ല. ഇരകളുടെ സാന്നിധ്യത്തിലാണ് ശിക്ഷാവിധികളൊക്കെ കോടതി നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.