മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡേ അധികാരമേറ്റു; ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡേ അധികാരമേറ്റു; ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

മുംബൈ: അടിമുടി നാടകീയത നിറഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമതവിഭാഗം നേതാവ് ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസാണ് ഉപമുഖ്യമന്ത്രി. വൈകീട്ട് 7.30 ന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ഭഗവത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയുടെ 20-ാം മുഖ്യമന്ത്രിയായിട്ടാണ് ഷിന്‍ഡെ അധികാരമേറ്റത്.

അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പേര് പരാമര്‍ശിച്ചായിരുന്നു ഏക്നാഥ് ഷിന്‍ഡെ സത്യവാചകം ചൊല്ലിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ വ്യക്തമാക്കി.

താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് ഫഡ്നാവിസ് പറഞ്ഞെങ്കിലും കേന്ദ്രം നേതൃത്വം ഇടപെട്ടതോടെ അദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്നത് ബാലാസാഹേബ് താക്കറെയ്ക്കുള്ള ആദരമാണെന്നാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന വേളയില്‍ ഫഡ്നാവിസ് പറഞ്ഞത്. കോണ്‍ഗ്രസിനെതിരെയാണ് ബാലാസാഹേബ് താക്കറെ പൊരുതിയതെന്നും ഫഡ്നാവിസ് പറഞ്ഞു.

സാധാരണക്കാരില്‍ സാധാരണക്കാരനായ പ്രവര്‍ത്തകനില്‍ നിന്നാണ് ഷിന്‍ഡെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയരുന്നത്. താനെയില്‍ ശിവസേനയുടെ കരുത്തനായ നേതാവാണ് ഷിന്‍ഡെ. മദ്യശാലയില്‍ വിതരണക്കാരനായും ഓട്ടോറിക്ഷ തൊഴിലാളിയായും ജോലിനോക്കി പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടക്കംകുറിച്ച അദേഹം ക്രമേണ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഉയരുകായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.