അമരാവതിയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ കൊലപാതകവും നൂപുര്‍ ശര്‍മ്മയുടെ പേരിലെന്ന് പൊലീസ്; ആറ് പേര്‍ അറസ്റ്റില്‍

അമരാവതിയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ കൊലപാതകവും നൂപുര്‍ ശര്‍മ്മയുടെ പേരിലെന്ന് പൊലീസ്; ആറ് പേര്‍ അറസ്റ്റില്‍

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ വീട്ടുകാരുടെ മുന്നിലിട്ടു വെട്ടിക്കൊന്നതും നൂപൂര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലെന്ന് അമരാവതി പോലീസിന്റെ വെളിപ്പെടുത്തല്‍.

അമരാവതിയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ഉമേഷ് പ്രഹ്ലാദ് റാവു കോല്‍ഹെയെയാണ് കൊല ചെയ്യപ്പോട്ടത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ പാക് ബന്ധമുള്ള രണ്ട് ഇസ്ലാമിസ്റ്റുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ് ജൂണ്‍ 21 നാണ് സംഭവമുണ്ടായത്. ഈ കേസും എന്‍ ഐ എ ഏറ്റെടുത്തേക്കും.

ഉമേഷിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി നേതാക്കള്‍ പോലീസിന് കത്ത് നല്‍കി. ബിജെപി നേതാക്കളില്‍ നിന്ന് കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും പോലീസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആറ് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

നബിനിന്ദ കേസില്‍ പ്രതിയായ നൂപുര്‍ ശര്‍മ്മയുടെ അഭിപ്രായങ്ങള്‍ ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. കസ്റ്റമേഴ്‌സ് ഉള്‍പ്പെടെ ചില മുസ്ലിംകളും അംഗങ്ങളായ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അദ്ദേഹം പോസ്റ്റ് പങ്കിട്ടതായി സിറ്റി പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ ഒരു സംഘം അമരാവതിയിലുണ്ട്. കേസില്‍ എന്തെങ്കിലും ഭീകരവാദ ബന്ധം ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് എടിഎസ് വൃത്തങ്ങള്‍ അറിയിച്ചു. ഉദയ്പൂര്‍ പ്രതികളെപ്പോലെ അമരാവതി പ്രതികളും ഇതേ മാതൃക ഉപയോഗിച്ചിട്ടുണ്ടോയെന്നും എടിഎസ് അന്വേഷിക്കുന്നുണ്ട്.

ജൂണ്‍ 21 ന് രാത്രി 10 നും 10.30 നും ഇടയില്‍ കടയടച്ച് ഇരുചക്ര വാഹനത്തില്‍ ഉമേഷ് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. മകന്‍ സങ്കേതും (27) ഭാര്യ വൈഷ്ണവിയും മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നിരുന്നു. ഇവര്‍ മഹിളാ കോളജിന്റെ ഗേറ്റിന് സമീപം എത്തിയപ്പോള്‍ രണ്ട് മോട്ടോര്‍ സൈക്കിളില്‍ വന്നവര്‍ പിന്നില്‍ നിന്ന് വന്ന് വഴി തടഞ്ഞു.

തുടര്‍ന്ന് ബൈക്കില്‍ നിന്ന് ഇറങ്ങിയ യുവാവ് ഉമേഷിന്റെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ചോരയില്‍ കുളിച്ച് റോഡില്‍ വീണ ഉമേഷിനെ ഉടന്‍ തന്നെ മകനും ഭാര്യയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.