ഗ്രീന്‍ഹൗസ് ഗ്യാസ് ബഹിര്‍ഗമനം; സുപ്രീം കോടതി വിധിക്കെതിരെ അമേരിക്കയില്‍ ബിഷപ്പുമാര്‍ രംഗത്ത്

ഗ്രീന്‍ഹൗസ് ഗ്യാസ് ബഹിര്‍ഗമനം; സുപ്രീം കോടതി വിധിക്കെതിരെ അമേരിക്കയില്‍ ബിഷപ്പുമാര്‍ രംഗത്ത്

ഒക്ലഹോമ: വൈദ്യുതി നിലയങ്ങളില്‍ നിന്ന് പുറംതള്ളുന്ന ഗ്രീന്‍ ഹൗസ് ഗ്യാസ് ബഹിര്‍ഗമനം നിയന്ത്രിക്കാനുള്ള പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇപിഎ)യുടെ അധികാരത്തെ പരിമിതപ്പെടുത്തുന്ന സുപ്രീം കോടതി വിധി അമേരിക്കയാകെ എതിര്‍പ്പിനും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ അമേരിക്കയുടെ പോരാട്ടത്തിന്റെ തിരിച്ചടിയാണിതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. വിധിയില്‍ തങ്ങള്‍ നിരാശരാണെന്ന് യുഎസ് ബിഷപ്പുമാര്‍ വെള്ളിയാഴ്ച പ്രസ്താവന ഇറക്കി.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഹരിതഗൃഹ വാതകങ്ങള്‍ (ഗ്രീന്‍ ഹൗസ് ഗ്യാസ്) നിയന്ത്രിക്കാനുള്ള ഇപിഎയുടെ അധികാരത്തെ അമേരിക്കയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ ദീര്‍ഘകാലമായി പിന്തുണച്ചിട്ടുണ്ട്. ഈ അധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന വിധിയില്‍ നിരാശരാണെന്ന് അമേരിക്കന്‍ മെത്രാന്മാരുടെ ആഭ്യന്തര നീതി കമ്മിറ്റിയുടെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്ക്‌ലി പ്രസ്താവനയില്‍ പറഞ്ഞു.

ശുദ്ധവായു നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജ വ്യവസായത്തെ നിയന്ത്രിക്കാന്‍ ഇപിഎയ്ക്ക് അധികാരം നല്‍കുന്നില്ലെന്നാണ് ജൂണ്‍ 30 ന് പുറപ്പെടുവിച്ച വെസ്റ്റ് വിര്‍ജീനിയ വേഴ്‌സസ് ഇപിഎ വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കുന്നത്. യുഎസ് കോണ്‍ഗ്രസില്‍ തന്നെ ഇതിനുള്ള അധികാരം ഉണ്ടായിരിക്കെ മറ്റൊരു ഏജന്‍സിയെ ചുമതലപ്പെടുത്തുന്നത് നീതിയുക്തമല്ലെന്ന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് വിധിച്ചു.

എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയും വെല്ലുവിളികളും നേരിടുന്നതിന് ന്യായമായ നിയന്ത്രണവും നിയമനിര്‍മ്മാണവും നിര്‍ണായകമാണെന്നാണ് ബിഷപ് കോക്ക്‌ലി പറയുന്നത്. ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കാനാവശ്യമായ അധികാരം ഇപിഎയ്ക്ക് നല്‍കണം. അത് ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഗര്‍ഭഛിദ്ര നിരോധന വിധിയെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ ഉണ്ടായ മറ്റൊരു സുപ്രാധാന വിധിയാണിത്. ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായും വിധിയെ പരക്കെ വിലയിരുത്തുന്നുണ്ട്. ഒക്ടോബര്‍ വരെ സുപ്രീം കോടതി അവധിയായതിനാല്‍ അപ്പീല്‍ നടപടികള്‍ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.