ഹൈദരാബാദ്: പാര്‍ട്ടി ഇതുവരെ ക്ലച്ചു പിടിക്കാത്ത കേരളം, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി. ഹൈദരാബാദില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടി പാസാക്കിയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കുടുംബ ഭരണം അവസാനിപ്പിച്ച് ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളില്‍ അധികാരത്തിലെത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തില്‍ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
രാജ്യത്ത് അടുത്തയിടെ നടന്ന തിരഞ്ഞെടുപ്പുകളിലും ഉപ തിരഞ്ഞെടുപ്പുകളിലും ബിജെപി നേടിയ വിജയം പാര്‍ട്ടിയുടെ പ്രകടനത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്നും കുടുംബ വാഴ്ചയുടെയും ജാതീയതയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.
പ്രവാചക നിന്ദ നടത്തിയെന്ന പരാമര്‍ശങ്ങളുടെ പേരില്‍ രാജസ്ഥാനിലെ ഉദയ്പൂരിലും മഹാരാഷ്ട്രയിലെ അമരാവതിയിലും നടന്ന കൊലപാതകങ്ങളെ പരാമര്‍ശിച്ച്, പ്രീണന രാഷ്ട്രീയം ഇല്ലാതാകുന്നതോടെ വര്‍ഗീയത അവസാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ഗുജറാത്ത് കലാപ സമയത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ കുറ്റവിമുക്തനാക്കിയ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയുടെ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധി ചരിത്രപരമാണെന്നാണ് യോഗത്തില്‍ അമിത് ഷാ അഭിപ്രായപ്പെട്ടത്.
കലാപത്തില്‍ തനിക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നേരിടുമ്പോള്‍ പ്രധാനമന്ത്രി മോഡി മൗനം പാലിച്ചെന്നും ശിവനെപ്പോലെ വിഷം കുടിച്ച് ഭരണഘടനയിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത 30 മുതല്‍ 40 വര്‍ഷം വരെ രാജ്യത്ത് ബിജെപിയുടെ യുഗമായിരിക്കുമെന്നും ഇക്കാലയളവ് കൊണ്ട് ഇന്ത്യ ഒരു 'വിശ്വഗുരു'ആയി മാറുമെന്നും അമിത് ഷാ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.