കൊച്ചി: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തു മാത്രമല്ല സഹനങ്ങളുടെ അനുഭവത്തിലും കൂട്ടായ്മ വളര്‍ത്തുന്നതാണു കാലഘട്ടത്തിന്റെ സുവിശേമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികാചരണത്തോടും സഭാ ദിനാചരണത്തോടും അനുബന്ധിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവനോടൊപ്പം പോയി നമുക്കും മരിക്കാം എന്നു സഹശിഷ്യരോടു പറഞ്ഞ തോമാശ്ലിഹായുടെ മാതൃക ഇതാണു നമ്മെ പഠിപ്പിക്കുന്നത്. സഹനങ്ങളും വേദനകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ പരാജയ ഭീതിയോടെ പിന്‍മാറുന്നതിനു പകരം കൂട്ടായ്മയുടെ പിന്‍ബലത്തില്‍ അവയെ ധീരതയോടെ നേരിടാന്‍ സാധിക്കുന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന ക്രൈസ്തവ ജീവിത സാക്ഷ്യമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സീറോമലബാര്‍ സഭയില്‍ മല്‍പാന്‍ സ്ഥാനത്തേയ്ക്കു ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ വൈദികനായ ഫാദര്‍ മൈക്കിള്‍ കാരിമറ്റത്തിലിനെ അഭിനന്ദിച്ച മാര്‍ ആലഞ്ചേരി വിശ്വാസ സംരക്ഷണത്തിനായി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
രാവിലെ മേജര്‍ ആര്‍ച്ച്ബിഷപ് സഭാകാര്യാലയത്തില്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്നു നടന്ന ആഘോഷമായ റാസകുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സഭാകാര്യാലയത്തിലെ വൈദികര്‍, വിവിധ രൂപതകളില്‍ നിന്നെത്തിയ വൈദികര്‍, സമര്‍പ്പിത സമൂഹങ്ങളുടെ സുപ്പീരിയേഴ്സ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ ജോണ്‍ കണ്ടത്തിന്‍കര വചന സന്ദേശം നല്‍കി.
വിശ്വാസ പരിശീലന-വിശ്വാസ സംരക്ഷണ മേഖലകളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ തലശേരി അതിരൂപതാംഗമായ ഫാദര്‍ മൈക്കിള്‍ കാരിമറ്റത്തിന് മല്‍പാന്‍ പദവി നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് ആദരിച്ചു. മല്‍പാന്‍ ഫാദര്‍ മൈക്കിള്‍ കാരിമറ്റത്തിലിന്റെ ഏതാനും ഗ്രന്ഥങ്ങളും സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. സഭാ ചരിത്രപണ്ഡിതന്‍ ഫാദര്‍ പയസ് മലേക്കണ്ടം മുഖ്യപ്രഭാഷണം നടത്തി.
ആരാധനക്രമ പണ്ഡിതനായ ഫാദര്‍ തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തിയ ആരാധനാക്രമ പ്രഥമ അവാര്‍ഡ് ചങ്ങനാശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവ്വത്തിലിനു നല്‍കുന്നതായി ആരാധനക്രമ കമ്മീഷന്‍ അറിയിച്ചു. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ ഫാദര്‍ വിന്‍സെന്റ് ചെറുവത്തൂര്‍, ഫാദര്‍ ജോജി കല്ലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
മദര്‍ ജനറല്‍ സിസ്റ്റര്‍ ഫിലോമി എം. എസ്. ജെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം, സീറോമലബാര്‍ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജോസ്മോന്‍ ഫ്രാന്‍സിസ്, മാതൃവേദി പ്രസിഡന്റ് റീത്താമ്മ, സി. എം. എല്‍ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
വിവിധ സീറോമലബാര്‍ രൂപതകളില്‍ നിന്നുള്ള വൈദികര്‍, സിസ്റ്റേഴ്സ്, അല്‍മായ പ്രതിനിധികള്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട അല്‍മായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ഫാദര്‍ ജോസഫ് തോലാനിക്കല്‍, ഫാദര്‍ സെബാസ്റ്റ്യന്‍ മുട്ടംതൊട്ടിലില്‍, ഫാദര്‍ തോമസ് മേല്‍വെട്ടം എന്നിവര്‍ നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26