അമേരിക്കയിൽ ഗാർഹിക പീഢനക്കേസിൽ മലയാളികളുടെ എണ്ണം നന്നേ കുറവാണെന്ന് കോൺസൽ വിജയകൃഷ്‌ണൻ
ന്യുയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപി.സി.എൻ.എ) ന്യു യോർക്ക് ചാപ്ടറിന്റെ പ്രവർത്തന ഉദ്ഘാടനം ന്യുയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ (കമ്യുണിറ്റി അഫയേഴ്‌സ്) എ.കെ. വിജയകൃഷ്‌ണൻ നിർവഹിച്ചു. ഓറഞ്ച്ബർഗ് സിറ്റാർ പാലസിൽ നടന്ന ചടങ്ങിൽ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്‌ലേറ്റർ ഡോ. ആനി പോൾ മുഖ്യപ്രഭാഷണം നടത്തി.
മാധ്യമ രംഗത്തിന്റെ പ്രാധാന്യത്തെ എടുത്തു പറഞ്ഞ വിജയകൃഷ്ണൻ, കോൺസുലേറ്റിൽ കമ്യുണിറ്റി അഫയേഴ്‌സ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളും വിവരിച്ചു. ഗാർഹിക പീഢനക്കേസുകൾ ആണ് തങ്ങൾ കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രധാനമായ വിഷയം. ഇത് വലിയ തോതിലുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ മലയാളികളുടെ എണ്ണം നന്നേ കുറവാണെന്നും പാലക്കാട്ടുകാരനായ വിജയകൃഷ്ണൻ പറഞ്ഞു.
പീഡിപ്പിക്കപ്പെടുന്ന വനിതകൾക്ക് പലവിധ സഹായങ്ങളും കോണ്സുലേറ്റ് ചെയ്യുന്നു. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ കോടതയിൽ പോകാൻ നിയമ സഹായം നൽകും. ഇതിനായി പ്രൊ ബോണോ അറ്റോർണിമാർ ഉണ്ട്. നാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനു സൗകര്യമൊരുക്കും. വിമാന ടിക്കറ്റും നൽകും. നാട്ടിലും കേസിനു സഹായം നൽകും.
അനധികൃതമായി അമേരിക്കയിൽ കഴിയുന്നവരുടെ പ്രശ്നങ്ങളാണ് മറ്റൊന്ന്. മിക്കവരുമുള്ളവർ വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവരാണ്. വർഷങ്ങളോളം അവർ മതിയായ പേപ്പറുകളില്ലാതെ ഇവിടെ തുടരും. അവർ മരണപ്പെട്ടാൽ മൃതശരീരം നാട്ടിലേക്കയക്കാൻ കോൺസുലേറ്റ് എല്ലാ സംവീധാനങ്ങളും ചെയ്തുകൊടുക്കും. അതിനു 12,000 ഡോളർ വരെ ചെലവ് വരും.
ചെറിയ കുറ്റങ്ങൾക്ക് ജയിലിലാകുന്നവരുടെ പ്രശ്നമാണ് മറ്റൊന്ന്. ജാമ്യത്തിന് ചെറിയ തുകകൾ ആണ് ആവശ്യമെങ്കിൽ അത് നൽകും. നിയമ സഹായത്തിനു അറ്റോർണിമാരെ ഏർപ്പെടുത്തും. ജയിലിലും മലയാളികളുടെ എണ്ണം നന്നേ കുറവാണെന്നദ്ദേഹം പറഞ്ഞു.
നമ്മുടെ സമൂഹത്തിന്റെ വളർച്ചക്ക് മാധ്യങ്ങൾ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ആനി പോൾ ചൂണ്ടിക്കാട്ടി. താൻ ഇലക്ഷനിൽ നിന്നപ്പോഴും വിജയിച്ചപ്പോഴുമൊക്കെ മാധ്യമങ്ങളാണ് പിന്തുണ നൽകിയത്. മാധ്യമങ്ങൾക്ക് ഒരാളെ ഉയർത്തുവാനും താഴ്ത്തുവാനുമുള്ള കഴിവുണ്ട്. അമേരിക്കയിലെ ഇന്ത്യൻ മാധ്യമങ്ങൾ കൂടുതലും സമൂഹത്തിനു ഗുണകരമായ വാർത്തകൾ കൊടുക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ചാപ്റ്റർ പ്രസിഡന്റ് സണ്ണി പൗലോസ് അധ്യക്ഷ പ്രസംഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് നടത്തുന്നത് നിശബ്ദ സേവനമാണെന്ന് ചൂണ്ടിക്കാട്ടി. നാട്ടിലെ മാധ്യമ പ്രവർത്തകർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കാനും മാധ്യമ വിദ്യാർത്ഥികൾക്ക് പഠനത്തിന് തുണയാകുവാനുമൊക്കെ പ്രസ് ക്ലബ് വര്ഷങ്ങളായി പ്രവർത്തിക്കുന്നു.
സ്വാഗതം പറഞ്ഞ സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ മാധ്യമങ്ങളും സമൂഹവും സംഘടനകളുമായുള്ള ബന്ധങ്ങൾ ചൂണ്ടിക്കാട്ടി.
മുഖ്യാതിഥി കോൺസൽ വിജയകുഷ്ണനെ സജി എബ്രഹാം പരിചയപ്പെടുത്തി. ഡോ ആനി പോളിനെ ബിജു ജോൺ കൊട്ടാരക്കര പരിചയപ്പെടുത്തി. ട്രഷറർ ഷോളി കുമ്പിളുവേലി നന്ദി പറഞ്ഞു. മാധ്യമ പ്രവർത്തകരായ ജേക്കബ് മാനുവൽ, മാത്തുക്കുട്ടി ഈശോ എന്നിവർ പങ്കെടുത്തു.
പ്രസ് ക്ലബ് നാഷണൽ ട്രഷറർ ഷിജോ പൗലോസ്, പ്രസിഡന്റ് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ, മുൻ നാഷണൽ പ്രസിഡന്റ് മധു കൊട്ടാരക്കര, മുൻ ചാപ്ടർ പ്രസിഡന്റ് ജോർജ് ജോസഫ്, കൈരളി ടിവി ഡയറക്ടർ ജോസ് കാടാപ്പുറം, ഐ.പി.സി.എൻ. എ. ന്യൂയോർക്ക്/ ന്യൂജേഴ്‌സി ചാപ്റ്റർ സെക്രെട്ടറി റെജി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, ഫൊക്കാന നേതാവ് പോൾ കറുകപ്പള്ളി, മുൻ ഫോമാ പ്രസിഡന്റ് ബേബി ഊരാളിൽ, ടോം നൈനാൻ തുടങ്ങിയവരും സംസാരിച്ചു. ദിലീപ് വർഗസ്, ജെയിൻ ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്, ജോർജ്‌കുട്ടി, ഫിലിപ്പ് ചെറിയാൻ, മോഹൻ ഡാനിയൽ, റോയി ചെങ്ങന്നൂർ, പോൾ തുടങ്ങിയവർ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.