ഡെന്മാര്‍ക്കിനെ ഭീതിയിലാഴ്ത്തി ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ്; മൂന്ന് മരണം; തീവ്രവാദ ആക്രമണ സാധ്യത

ഡെന്മാര്‍ക്കിനെ ഭീതിയിലാഴ്ത്തി ഷോപ്പിംഗ് മാളില്‍  വെടിവയ്പ്പ്; മൂന്ന് മരണം; തീവ്രവാദ ആക്രമണ സാധ്യത

കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ പ്രശസ്തമായ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. കോപ്പന്‍ഹേഗനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളിലാണ് വെടിവയ്പ്പ് നടത്തിയത്. മരണസംഖ്യ ഉയരുമെന്നാണു സൂചന. കൊല്ലപ്പെട്ട രണ്ട് പേര്‍ യുവാക്കളും ഒരാള്‍ 40 വയസിനു മുകളില്‍ പ്രായമുള്ള ആളുമാണ്.

സംഭവത്തില്‍ 22 വയസുകാരനായ ഡെന്‍മാര്‍ക്ക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും നരഹത്യയ്ക്കു കുറ്റം ചുമത്തുകയും ചെയ്തു. പ്രകോപനത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും തീവ്രവാദ ആക്രമണത്തിന്റെ സാധ്യത അധികൃതര്‍ പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷിക്കുകയാണെന്നും കോപ്പന്‍ഹേഗന്‍ പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവം യൂറോപ്പിനെയാകെ ഞെട്ടിച്ചിരിക്ഷകുകയാണ്.

ഡെന്മാര്‍ക്കിന് ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചുകൊണ്ട്, ഈ ദുഷ്‌കരമായ സമയത്ത് ഒരുമിച്ച് നില്‍ക്കാനും പരസ്പരം പിന്തുണയ്ക്കാനും അവര്‍ ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'കനത്ത വെടിവെപ്പാണ് നടന്നത്. എത്രപേര്‍ക്ക് പരിക്കേറ്റുവെന്നോ മരിച്ചുവെന്നോ ഞങ്ങള്‍ക്ക് ഇതുവരെ കൃത്യമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണ്'- കോപ്പന്‍ഹേഗന്‍ മേയര്‍ സോഫി ആന്‍ഡേഴ്സണ്‍ പറഞ്ഞു.

നൂറുകണക്കിന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാളില്‍, പ്രാദേശിക സമയം വൈകീട്ട് അഞ്ചരയോടെ ഏറെ തിരക്കുള്ള സമയത്താണ് വെടിവയ്പ്പ് നടന്നത്. ബ്രിട്ടീഷ് ഗായകന്‍ ഹാരി സ്റ്റെയ്ല്‍സിന്റെ പരിപാടി നടക്കുന്നതിന് ഒന്നര കിലോമീറ്റര്‍ സമീപത്തായിരുന്നു സംഭവം. ആക്രമണത്തെ തുടര്‍ന്ന് പരിപാടി മാറ്റി. കഴിഞ്ഞയാഴ്ച നോര്‍വേ നഗരമായ ഒസ്ലോയിലെ ബാറിന് പുറത്ത് വെടിവെപ്പ് നടന്നിരുന്നു. അന്ന് രണ്ട് പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഡെന്‍മാര്‍ക്കില്‍ തോക്ക് ആക്രമണങ്ങള്‍ വളരെ അപൂര്‍വമാണ്. അതിനാല്‍ ഈ സംഭവം രാജ്യത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മാളില്‍ വെടിയൊച്ചകള്‍ മുഴങ്ങിയപ്പോള്‍ ചിലര്‍ കടകളില്‍ അഭയം തേടിയപ്പോള്‍ പരിഭ്രാന്തരായ മറ്റു ചിലര്‍ തിക്കിലും തിരക്കിലും പെട്ട് മാളിനു പുറത്തേക്ക് ഓടി രക്ഷപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തിക്കിലും തിരക്കിലും പെട്ടാണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റത്.

ഇതിനു മുന്‍പ് 2015 ഫെബ്രുവരിയിലാണ് ഡെന്‍മാര്‍ക്കില്‍ നടന്ന ഏറ്റവും വലിയ തോക്ക് ആക്രമണമുണ്ടായത്. അന്ന് തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമി പിന്നീട് പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുകയായിരുന്നു.


വെടിവയ്പ്പ് ഉണ്ടായതിനെതുടര്‍ന്ന് ഷോപ്പിംഗ് മാളില്‍നിന്ന് ഇറങ്ങിയോടുന്നവര്‍

അയല്‍രാജ്യമായ നോര്‍വേയില്‍ നടന്ന കൂട്ട വെടിവയ്പ്പിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഡെന്‍മാര്‍ക്കില്‍ വെടിവയ്പ്പ് നടന്നത്. തീവ്രവാദ ആക്രമമെന്ന് പോലീസ് വിശേഷിപ്പിച്ച വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇറാനിയന്‍ വംശജനായ ഒരു നോര്‍വീജിയന്‍ പൗരനെ പിടികൂടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.