കീവ്: റഷ്യന്‍ മിസൈലുകള്‍ ഉക്രെയ്‌ന്റെ മുകളിലൂടെ ഏതു നിമിഷവും പാഞ്ഞെത്താമെന്ന ഭീതിജനകമായ അന്തരീക്ഷത്തില്‍ ഉക്രെയ്‌നിലെ യുദ്ധ ബാധിത മേഖലകള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി സന്ദര്‍ശിച്ചു. പോളണ്ടില്‍ നിന്നും അതിവ സുരക്ഷാ സൗകര്യങ്ങളോടെ ട്രെയിന്‍മാര്‍ഗമാണ് സുരക്ഷാ ഭടന്മാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അദ്ദേഹം ഉക്രെയ്‌നിലെത്തിയത്.
ഉക്രെയ്‌നിലെ തലസ്ഥാന നഗരം സന്ദര്‍ശിച്ച അല്‍ബനീസി യുദ്ധം നേരിടാനാവശ്യമായ സൈനിക സഹായങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. 100 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ സഹായ പാക്കേജാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമീര്‍ സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം പ്രഖ്യാപിച്ചത്. ഡ്രോണുകളും 34 കവചിത വാഹനങ്ങളും ഇതിലുള്‍പ്പെടും. മാഡ്രിഡില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുകയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ശേഷമായിരുന്നു അല്‍ബനീസിയുടെ ഉക്രെയ്ന്‍ സന്ദര്‍ശനം.
കഴിഞ്ഞ മാസങ്ങളില്‍ ലോക നേതാക്കള്‍ ഇവിടേക്ക് എത്താന്‍ ഉപയോഗിച്ച കവചിത നയതന്ത്ര ട്രെയിന്‍ തന്നെയാണ് അല്‍ബനീസിയും യാത്രയ്ക്ക് ഉപയോഗിച്ചത്. അപകട സാധ്യത മുന്നില്‍ കണ്ട് അതീവ രഹസ്യമായായിരുന്നു അദ്ദേഹത്തിന്റെ യാത്രാ ക്രമീകരണം. തന്റെ സോഷ്യല്‍ മീഡിയ ഫോട്ടോഗ്രാഫര്‍, വിദേശകാര്യ ഉപദേഷ്ടാവ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, തന്റെ ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന അംഗം, അദ്ദേഹത്തിന്റെ സ്വകാര്യ രാഷ്ട്രീയ ഉദ്യോഗസ്ഥന്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ പ്രാധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ആദ്യ സന്ദര്‍ശനം ബുച്ചയിലെ കുഴിമാടത്തിനരികില്‍. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു
ഉക്രെയ്‌നിലെത്തിയ അല്‍ബനീസിയെ സര്‍ക്കാര്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. സമ്പൂര്‍ണ്ണ സജ്ജരായ ഉക്രേനിയന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കി. ട്രെയ്‌നിറങ്ങിയ അല്‍ബനീസി ആദ്യം പോയത് റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയ 416 സാധാരണ ജനങ്ങളെ അടക്കം ചെയ്ത ബുച്ചയിലെ കുഴിമാടത്തിനരുകിലേക്കാണ്. കുഴിമാടങ്ങള്‍ക്ക് സമീപമുള്ള ചാപ്പലില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷം അദ്ദേഹം ഇരകളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ഇവിടെ നടന്നത് റഷ്യയുടെ അതീവ ഗുരുതരമായ യുദ്ധക്കുറ്റമാണെന്നും ഉക്രെയ്‌ന്റെ നീതി തേടിയുള്ള പോരാട്ടങ്ങള്‍ക്ക് ഓസ്‌ട്രേലിയയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ മനപൂര്‍വ്വം നടത്തിയ സൈനിക ആക്രമണമാണ് ഇവിടെ നടന്നതെന്നും സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പടെ സൈനികര്‍ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും ലോക്കല്‍ കൗണ്‍സില്‍ മേധാവി ടാര്‍സ് ഷാപ്രോവ്‌സ്‌കി അദ്ദേഹത്തോട് പറഞ്ഞു.
തുടര്‍ന്ന് യാത്ര കീവിലേക്ക്
കീവിലേക്കായിരുന്നു അടുത്ത യാത്ര. യാത്രയില്‍ പത്തോളം അകമ്പടി വാഹനങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചു. വഴിയിലൂടനീളം പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. കീവിലെ യുദ്ധ ഭൂമിയില്‍ മണ്ണടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ അദ്ദേഹം ഏറെ നേരം നോക്കി നിന്നു. അതേസമയം ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ കീവില്‍ കാര്യമായ നാശനഷ്ടം സംഭവിക്കാതിരുന്നതില്‍ അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചു.
എന്നാല്‍ നഗരത്തിലെ വടക്ക് അതിര്‍ത്തിയിലെ യുദ്ധ ശേഷിപ്പുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍. നിലംപൊത്തിയ വീടുകള്‍, വലിയ മിസൈല്‍ ഗര്‍ത്തങ്ങള്‍, കത്തിനശിച്ച കാറുകളുടെ അവശിഷ്ടങ്ങള്‍ അങ്ങനെ കഴ്ച്ചകള്‍ നീണ്ടു. തുടര്‍ന്ന് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന ഹോസ്റ്റോമല്‍ വിമാനത്താവളവും അല്‍ബനീസി സന്ദര്‍ശിച്ചു.
ആദ്യം എതിര്‍ത്ത് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം
സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമന്ത്രിയുടെ ഉക്രെയ്ന്‍ സന്ദര്‍ശനത്തോട് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം ആദ്യം എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. എന്നാല്‍ എല്ലാവിധ സുരക്ഷയും ഉക്രെയ്ന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യാത്രയ്ക്കുള്ള പദ്ധതികള്‍ ആരംഭിച്ചത്. യാത്രയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സേന ഉക്രെയ്‌നില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യാത്ര ക്രമീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.