പാലക്കാട്: പ്രസവശേഷം കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിയില്‍ സംഘർഷം. തത്തമംഗലം സ്വദേശി 23 കാരി ഐശ്വര്യയാണ് ഇന്ന് രാവിലെ മരിച്ചത്. കുഞ്ഞ് പ്രസവിച്ച ഉടന്‍ മരിച്ചിരുന്നു.
തുടര്‍ന്ന് ചികിത്സാ പിഴവ് ഉണ്ടായെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബന്ധുക്കളുടെ പരാതിയില്‍ ചികിത്സാപിഴവിന് ഡോക്ടര്‍ക്കെതിരെ ഉള്‍പ്പെടെ കേസെടുത്തിട്ടുണ്ട്. ജൂണ്‍ 29നാണ് പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ സമയത്ത് ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. വേദന ഉണ്ടാകാത്തതിനെ തുടര്‍ന്ന് മൂന്ന് ദിവസം മരുന്നുവെച്ചുവെന്നും പ്രസവം നടക്കാത്തിനാല്‍ സീസേറിയന്‍ ആവശ്യപ്പെട്ടിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ സാധാരണ പ്രസവം തന്നെ നോക്കാമെന്ന് ആശുപത്രി അധികൃതര്‍ പറയുകയായിരുന്നു. ജൂലൈ രണ്ടിനാണ് പ്രസവിച്ചത്. പ്രസവിച്ചശേഷം കുട്ടി കരയുന്നില്ല ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്നാണ് ആദ്യം അറിയിച്ചത്. ആ സമയം ഐശ്വര്യക്ക് കുഴപ്പമില്ലെന്നായിരുന്നു പറഞ്ഞത്.
പിന്നീട് കുട്ടിക്ക് പള്‍സ് ഇല്ലെന്നും മരിച്ചുവെന്നും പറഞ്ഞു. മൃതദേഹം ആവശ്യപ്പെട്ടപ്പോള്‍ മറവ് ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് ബന്ധു പറഞ്ഞു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.
സാധാരണ പ്രസവം കഴിഞ്ഞ യുവതിയെ ബന്ധുക്കളെ കാണാന്‍ അനുവദിക്കാത്തത് ചോദിച്ചപ്പോഴാണ് അവര്‍ക്ക് ബ്ലീഡിങ് ഉണ്ടെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും അറിയിച്ചത്. പിന്നീട് ബ്ലീഡിങ് നില്‍ക്കാന്‍ ശസ്ത്രക്രിയ നടത്തണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി. പിന്നീട് ഡോക്ടര്‍ പറഞ്ഞത് ഗര്‍ഭപാത്രം എടുത്തുകളേയേണ്ടിവരുമെന്നാണ്. അതിന് തങ്ങള്‍ അനുമതി നല്‍കും മുമ്പ് തന്നെ എടുത്തുമാറ്റിയതായും ഡോക്ടര്‍ പറഞ്ഞു. പിന്നീട് അറിയുന്നത് മരണവാര്‍ത്തയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇവരെ ഒമ്പതുമാസവും തുടര്‍ച്ചയായി പരിശോധിച്ചിരുന്ന രണ്ടു ഡോക്ടര്‍മാരും പ്രസവസമയത്ത് ഉണ്ടായിരുന്നില്ലെന്നും പുതിയ ഡോക്ടറാണ് പ്രസവമെടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഒരു വിവരവും ആശുപത്രി അധികൃതർ നല്‍കിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ചികിത്സാ പിഴവിന് കേസെടുത്തതിനാല്‍ തന്നെ കുറച്ച് നടപടിക്രമങ്ങള്‍ പാലിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. രോഗിയെ ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടര്‍മാര്‍ക്കും പ്രസവം കൈകാര്യം ചെയ്ത ഡോക്ടര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.