സന്യാസത്തെ കൂടുതല്‍ ചൈതന്യ പൂര്‍ണമാക്കിയ ഓസ്ബര്‍ഗിലെ മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്

സന്യാസത്തെ കൂടുതല്‍ ചൈതന്യ പൂര്‍ണമാക്കിയ ഓസ്ബര്‍ഗിലെ മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്

അനുദിന വിശുദ്ധര്‍ - ജൂലൈ 04

ര്‍മ്മനിയിലെ റാറ്റിസ്ബണില്‍ ഹുക്ബാള്‍ഡ് എന്ന പ്രഭുവിന്റെ മകനായി 893 ലാണ് ഉള്‍റിക്ക് ജനിച്ചത്. ഏഴാമത്തെ വയസ് മുതല്‍ ഉള്‍റിക്ക് സെന്റ് ഗാല്‍ ഗ്വിബോറേറ്റ് ആശ്രമത്തില്‍ ചേര്‍ന്ന് പഠനമാരംഭിച്ചു.

ബാല്യത്തില്‍ കുറേനാള്‍ ആഗ്‌നസ് ചക്രവര്‍ത്തിനിയുടെ ബാലസേവക സമൂഹത്തില്‍ അംഗമായി സേവനമനുഷ്ഠിച്ചു. കൊട്ടാരത്തില്‍ എല്ലാ സൗഭാഗ്യങ്ങളുമുണ്ടായിരുന്നിട്ടും ഉള്‍റിക്ക് സന്തുഷ്ടനായിരുന്നില്ല. സേവന നിരതമായ ആത്മീയ ജീവിതം നയിക്കുവാനാണ് അവന്‍ അഭിലഷിച്ചത്.

തന്മൂലം ഫ്രീസിങ്ങിലെ മെത്രാനായിരുന്ന നോക്കര്‍ ഉള്‍റിക്കിനെ സ്വീകരിച്ചു. വേദശാസ്ത്രങ്ങള്‍ അഭ്യസിപ്പിക്കുകയും യഥാകാലം വൈദികപദം നല്‍കി സഭാസേവനത്തിന് നിയോഗിക്കുകയും ചെയ്തു.

ചുരുങ്ങിയ കാലയളവിനുള്ളില്‍ സമകാലിക സമൂഹത്തിന്റെ ആരാധനാ ജീവിതത്തില്‍ നവചൈതന്യം പകര്‍ന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ നേതൃത്വം നല്കി. റോമിലേയ്ക്കും ജറൂസലേമിലേയ്ക്കും നടത്തിയ തീര്‍ത്ഥാടനത്തിനു ശേഷം സന്യാസം വരിക്കുവാന്‍ തീരുമാനിച്ചു. ക്ലൂണിയിലെ സന്യാസാശ്രമത്തില്‍ ചേര്‍ന്ന് വിശുദ്ധ ഹ്യൂഗില്‍ നിന്നു തന്നെ സഭാസ്ത്രവും സ്വീകരിച്ചു.

പിന്നീട് മാര്‍സീഞ്ഞിയിലെ സന്യാസിനികളുടെ ആധ്യാത്മികോപദേഷ്ടാവായി നിയമിക്കപ്പെട്ടു. നല്ലൊരു ആത്മീയാചാര്യന്‍ എന്ന നിലയില്‍ പ്രശസ്തനായിത്തീര്‍ന്ന ഉള്‍റിക്കിന് അസൂയാലുക്കളായ ചില സന്യാസിമാരില്‍ നിന്നും നിരവധിയായ ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ അദ്ദേഹം അവയെല്ലാം ക്ഷമാപൂര്‍വ്വം സഹിച്ചു.

ആയിടയ്ക്ക് അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതുകൊണ്ട് ക്ലൂണിയിലേയ്ക്കു തന്നെ മടങ്ങി. പിന്നീട് അധികാരികളുടെ നിര്‍ദ്ദേശമനുസരിച്ച് സെല്ലില്‍ വലിയ ഒരു സന്യാസാശ്രമം പണിയിച്ചു. സന്യാസി സഹോദരന്മാരുടെ സഹകരണത്തോടു കൂടി ക്രൈസ്തവ ധര്‍മ്മ പ്രചാരണ സംരംഭങ്ങള്‍ തുടര്‍ന്നു. അക്കാലത്ത് അര്‍ബുദം ബാധിച്ച ഒരു പെണ്‍കുട്ടിക്ക് അദ്ദേഹം തന്റെ പ്രാര്‍ത്ഥനയാല്‍ രോഗവിമുക്തി നല്‍കി.

ഓസ്ബര്‍ഗിലെ മെത്രാനായിരുന്ന ഹില്‍റ്റിന്‍ 924 ല്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ജര്‍മ്മനിയിലെ രാജാവായിരുന്ന ഹെന്‍ട്രി ഫൗളര്‍ ഉള്‍റിക്കിനെ അടുത്ത മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു. അപ്രകാരം മുപ്പത്തൊന്നാം വയസില്‍ ഉള്‍റിക്ക് ഓസ്ബര്‍ഗിലെ മെത്രാനായി അഭിഷിക്തനായി. അമ്പത് വര്‍ഷത്തോളം അദ്ദേഹം മെത്രാന്‍ പദവിയിലിരുന്നു.

സന്യാസത്തെ കൂടുതല്‍ വ്യവസ്ഥിതവും ചൈതന്യ പൂര്‍ണവുമാക്കിത്തീര്‍ക്കുക എന്നതായിരുന്നു ഉള്‍റിക്കിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ലക്ഷ്യം. 973 ജൂലൈ നാലിന് ഉള്‍റിക്ക് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 993 ല്‍ ജോണ്‍ പതിനഞ്ചാമന്‍ പാപ്പാ ഉള്‍റിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

സെന്റ് എഫ്രാ ദേവാലയത്തിലായിരുന്നു വിശുദ്ധനെ അടക്കം ചെയ്തത്. ആ ദേവാലയത്തിന് ഇപ്പോള്‍ വിശുദ്ധന്റെ നാമമാണ് നല്‍കപ്പെട്ടിരിക്കുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ക്രീറ്റിലെ ആന്‍ഡ്രൂ

2. ആര്‍ത്വ ബ്ലാഞ്ചിയിലെ ബര്‍ത്താ

3. ലോഡി ബിഷപ്പായിരുന്ന ആള്‍ബെര്‍ട്ട് ക്വാട്രെല്ലി

4. ലിയോണ്‍സ് ആര്‍ച്ച് ബിഷപ്പായിരുന്ന ഔറെലിയന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.